Asianet News MalayalamAsianet News Malayalam

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി: ഫ്ലാറ്റിന്‍റെ ബലപരിശോധനയ്ക്ക് വിദഗ്ധസംഘം

ലൈഫ് മിഷനിലെ എഞ്ചിനീയറും പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിൽ അംഗങ്ങളായിരിക്കും. നിർമാണത്തിന്‍റെ ബലത്തിൽ സംശയമുണ്ടെന്ന് അടക്കം ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് സംഘത്തെ രൂപീകരിച്ചത്.

wadakkanchery life mission flat case expert committee to check the structure
Author
Wadakkanchery, First Published Dec 6, 2020, 11:47 AM IST

തിരുവനന്തപുരം: തൃശ്ശൂർ വടക്കാഞ്ചേരിയിലെ വിവാദലൈഫ് മിഷൻ ഫ്ലാറ്റിന്‍റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. സംഘത്തിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറും പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ഉദ്യോഗസ്ഥരുമുണ്ടാകും. നിർമാണത്തിന്‍റെ ബലപരിശോധനയ്ക്ക് വേണ്ടിയാണ് സംഘത്തെ രൂപീകരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ സ്ഥലത്ത് എത്തി ബലപരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു. ലൈഫ് മിഷൻ അഴിമതി ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലൻസ് അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ബലപരിശോധനയ്ക്ക് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

കഴിഞ്ഞ മാസം വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസ് സംഘം നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇത് വരെ കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് വിജിലൻസ് സ്ഥലം നേരിട്ടെത്തി പരിശോധിച്ചത്. വടക്കാഞ്ചേരി നഗരസഭയിൽ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. 

140 ഫ്ലാറ്റുകളാണ് ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിർമിക്കുന്നത്. ഇതോടൊപ്പം, ഒരു ആശുപത്രി സമുച്ചയം നിർമ്മിക്കാനും  ആംബുലൻസും അനുബന്ധ ഉപകരണങ്ങളും കൈമാറുന്നതിനുമാണ് യുണിടാക്കും സെയ്ൻവെഞ്ചേഴ്സുമായി യുഎഇ കോണ്‍സുലേറ്റ് കരാർ ഉണ്ടാക്കിയത്.

സന്തോഷ് ഈപ്പന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ രണ്ടു സ്ഥാപനങ്ങളും. 20 കോടിയുടെ കരാറാണ് യുഎഇ കോൺസുലേറ്റ് ഈ രണ്ടു സ്ഥാപനങ്ങളുമായി ഉണ്ടാക്കിയത്. കോണ്‍സുലേറ്റ് സന്തോഷ് ഈപ്പന് നൽകിയ തുകയിൽ നിന്നും നാലേകാൽക്കോടി കൈക്കൂലിയായി നൽകിയെന്ന് സന്തോഷ് ഈപ്പൻ അന്വേഷണ ഏജൻസികളോട് പറഞ്ഞിട്ടുണ്ട്. മൂന്നരക്കോടിയോളം നികുതിയായും നൽകേണ്ടിവരുമെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. 

അങ്ങനെയെങ്കിൽ ബാക്കി തുകക്ക് എങ്ങനെ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നതിലാണ് സംശയം ഉയരുന്നത്. ഇതിന്‍റെ ഭാഗമായാണ് ഫ്ലാറ്റ് നിർമാണത്തിൽ അപാകതയുണ്ടോ എന്ന് വിശദമായി പരിശോധിക്കുന്നത്. ഫ്ലാറ്റും ആശുപത്രിയും കൂടാതെ റോഡ്, മാലിന്യ സംസ്കരണപ്ലാന്‍റ് എന്നിവയെല്ലാം നിർമ്മിക്കേണ്ടതും കരാർ കമ്പനിയാണ്. 203 യൂണിറ്റുകളുള്ള ഫ്ലാറ്റ് നിർമ്മിക്കാൻ 27.50 കോടി രൂപ ചെലവാകുമെന്നായിരുന്നു ലൈഫിന്‍റെ കണ്‍സള്‍ട്ടൻട്ടായിരുന്ന ഹാബിറ്റാറ്റിന്‍റെ റിപ്പോർട്ട്. ഹാബിറ്റാറ്റ് നൽകിയ രൂപരേഖയിൽ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് 140 ഫ്ലാറ്റുകൾക്കായി യൂണിടാക്ക് പ്ലാൻ നൽകിയിട്ടുള്ളതെന്ന് വിജിലൻസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ എങ്ങനെയാണ് ഈ ഫ്ലാറ്റ് നിർമാണത്തിനുള്ള പദ്ധതി നടപ്പാക്കാൻ യൂണിടാകിന് കഴിയുകയെന്നതും വിജിലൻസ് വിശദമായി പരിശോധിച്ച് വരികയാണ്.

Follow Us:
Download App:
  • android
  • ios