വടക്കാഞ്ചേരിയിലെ മറ്റൊരു എൽപി സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇവിടെ നിർമ്മാണം നടക്കുന്നതിനാൽ ആനപ്പറമ്പ് സ്കൂളിലേക്ക് ക്ലാസുകൾ മാറ്റിയിരുന്നു
തൃശ്ശൂർ: സ്കൂൾ തുറന്ന് രണ്ടാം ദിവസം വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലാണ് സംഭവം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണ് കടിയേറ്റത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. സ്കൂൾ ബസിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ ആണ് കടിയേറ്റതെന്നാണ് വിവരം.
Read More : റെയിൽവേ ഉദ്യോഗസ്ഥന്റെ ടേബിളിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്!
രാവിലെ ഒന്‍പതരയോടെ വടക്കാഞ്ചേരി ആനപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്കൂളിലാണ് സംഭവം. സ്കൂള്‍ വാനില്‍ വന്നിറങ്ങി ക്ലാസിലേക്ക് നടക്കാന്‍ തുടങ്ങുമ്പോഴാണ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റത്. അണലി ഇനത്തില്‍പ്പെട്ട ചെറിയ പാമ്പാണ് പത്ത് വയസുകാരനായ ആദേശിനെ കടിച്ചത്. ചെറിയ പോറലാണേറ്റത്. അതുകൊണ്ടുതന്നെ വിഷം ശരീരത്തിലിറങ്ങിയില്ല. ബസ് ജീവനക്കാർ ഉടൻ തന്നെ പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ആദ്യം ഓട്ടുപാറ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലേക്കും മാറ്റി. ചികിത്സയിൽ കഴിയുന്ന ആദേശിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കുമരനെല്ലൂര്‍ സ്വദേശിയാണ് ആദേശ്. വടക്കഞ്ചേരി ബോയ്സ് എൽ പി സ്കൂൾ വിദ്യാർഥിയാണ് ഈ കുട്ടി. എന്നാൽ ബോയ്സ് എൽപി സ്കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ക്ലാസ് ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റിയത്. ഇവിടെയാകട്ടെ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പരിസരം വൃത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാലിവിടെ സ്കൂള്‍ വളപ്പ് വൃത്തിയാക്കല്‍ പൂർത്തിയായിരുന്നില്ല. പരിസരം വൃത്തിയാക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടു.
സ്കൂള്‍ പരിസരം അടിയന്തിരമായി വൃത്തിയാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് എ ബി വി പി പ്രധാന അധ്യാപകന്റെ ഓഫീസ് ഉപരോധിച്ചു.
