Asianet News MalayalamAsianet News Malayalam

വണ്ടിയോടിച്ചത് ഞാനല്ല, ശ്രീറാം അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് വഫ ഫിറോസ്

അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴി, ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇവയെല്ലാം എവിടെയെന്ന് വഫ ചോദിക്കുന്നു. ശ്രീറാം അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് വഫയുടെ വീഡിയോ വ്യക്തമാക്കുന്നത്.  നാളെ തനിക്ക് എന്ത് സംഭവിക്കുമെന്നതിനേക്കുറിച്ചുള്ള ആശങ്കയും വഫ മറച്ച് വക്കുന്നില്ല. 

wafa firoz denies Sriram Venkitaramans claim regarding who was in the driving seat while accident happen
Author
Thiruvananthapuram, First Published Oct 10, 2019, 4:13 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരണക്കുറിപ്പ് നല്‍കിയതിന് പിന്നാലെ ശ്രീറാം പറയുന്നത് കള്ളമാണെന്ന് വിശദീകരിച്ച് വഫ ഫിറോസ്. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നുമുള്ള ശ്രീറാം വെങ്കിട്ടരാമന്‍റെ വിശദീകരണം കള്ളമാണെന്ന് വഫ വ്യക്തമാക്കി. 

അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴി, ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇവയെല്ലാം എവിടെയെന്ന് വഫ ചോദിക്കുന്നു. ശ്രീറാം അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് വഫയുടെ വീഡിയോ വ്യക്തമാക്കുന്നത്.  നാളെ തനിക്ക് എന്ത് സംഭവിക്കുമെന്നതിനേക്കുറിച്ചുള്ള ആശങ്കയും വഫ മറച്ച് വക്കുന്നില്ല. 

എന്ത് കാരണത്താലാണ് വഫയാണ് വാഹനം ഓടിച്ചതെന്ന് ശ്രീറാം പറയുന്നതെന്ന് മനസ്സിലാവുന്നില്ല. ആറോ ഏഴോ ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നു. ഞാനൊരു സാധാരണക്കാരിയാണ്. അപകടമുണ്ടായതിന് പിന്നാലെ തന്നെ നടന്നതെന്താണെന്ന് തുറന്ന് പറഞ്ഞയാളാണ് താന്‍ എന്നും വഫ പറയുന്നു. അദ്ദേഹത്തിന്‍റെ അധികാരം ഉപയോഗിച്ച് എന്ത് തിരിമറി വേണമെങ്കിലും നടത്താന്‍ കഴിയുമെന്നും വഫ പറയുന്നു. എന്നെ വിശ്വസിക്കണം ഞാൻ പറഞ്ഞത് സത്യമാണ്.. അന്നു പറഞ്ഞ കാര്യങ്ങളിൽ തന്നെ ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും വഫ വീഡിയോ വിശദീകരണത്തില്‍ വ്യക്തമാക്കി. 

അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്ന്  വാദിക്കുന്ന ശ്രീറാം, തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചിരുന്നു. മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം വ്യക്തമാക്കിയിരുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചതെന്നാണ് ശ്രീറാം വിശദീകരണക്കുറിപ്പില്‍ പറയുന്നത്. താന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ തെറ്റാണ്. തന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ശ്രീറാം വിശദീകരണക്കുറിപ്പില്‍ പറഞ്ഞിരുന്നു. 

സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ശ്രീറാമിനെ സർക്കാർ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.  ശ്രീറാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാല്‍ ഈ  നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാമിന്‍റെ മറുപടി. എഡിജിപി ഷെയ്ക്ക് ദർവ്വേസ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ചില ഫൊറൻസിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബോധപൂർവ്വമല്ലാത്ത നരഹത്യക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരുന്നത്.

Follow Us:
Download App:
  • android
  • ios