തിരുവനന്തപുരം: തിരുവനന്തപുരം കൈതമുക്കിൽ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏൽപിച്ച സംഭവത്തില്‍ പ്രതികരിച്ച് വാർഡ് കൗൺസിലർ. 'കുട്ടികൾ മണ്ണ് വാരി തിന്നേണ്ട അവസ്ഥ ഇല്ലായിരുന്നുവെന്നും കുടുംബത്തിന് അംഗൻവാടിയിൽ നിന്നുള്‍പ്പെടെ ഭക്ഷണം എത്തിച്ചിരുന്നതായും ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ മായ രാജേന്ദ്രൻ പ്രതികരിച്ചു. 'കുടുംബം പട്ടിണി ആയിരുന്നില്ല. യുവതിയുടെ ഭർത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ട്'. ഇവരുടെ കുടുംബത്തെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കൗൺസിലർ പറഞ്ഞു. 

തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്‍റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കുന്നുവെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തിലിടപെട്ട് നിരവധിപ്പേരാണ് രംഗത്തെത്തിയത്.  കുട്ടികളുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ, താല്‍കാലിക ജോലി നല്‍കി. 

'കൈതമുക്ക് സംഭവം കേരളത്തിന് ലജ്ജാകരം'; ഇനി ഉണ്ടാകാതിരിക്കണമെന്ന് സ്പീക്കര്‍

കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ മക്കളില്‍ മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം.  മദ്യപാനിയായ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഭക്ഷണത്തിനുള്ള പണമോ മറ്റ് സഹായങ്ങളോ ഭര്‍ത്താവ് നല്‍കിയിരുന്നില്ല. കുട്ടികളെയും ഭാര്യയെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നതായും വിവരമുണ്ട്. വിശപ്പടക്കാന്‍ മൂത്തകുട്ടി മണ്ണ് വാരിത്തിന്ന അവസ്ഥപോലുമുണ്ടായതിന് പിന്നാലെയാണ് സംഭവം വെളിച്ചത്ത് വന്നത്. 

മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; അമ്മയ്ക്ക് നഗരസഭയില്‍ ജോലിയായി, മേയര്‍ അറിയിപ്പ് നല്‍കി

നിരന്തരമായി മര്‍ദ്ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. കുട്ടികളെ വിശദമായ വൈദ്യപരിശോധനയ്‍ക്ക് വിധേയമാക്കാനാണ് തീരുമാനം.