തൃശൂർ: ഇത്തവണയും കേരളത്തിൽ പ്രളയം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മലയാളികളിൽ അധികം പേരും. കഴിഞ്ഞ തവണ പ്രളയ ദുരിതത്തിന് ഇരയായവരെല്ലാം മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞു. ഇനിയൊരു പ്രളയം വന്നാൽ അതിനെ അതിജീവിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുകയാണ് ചാവക്കാട്ടെ മാട്ടുമ്മൽ കയാക്കിംഗ് ക്ലബ്ബ്. ഇവർ തയ്യാറാക്കിയ വാട്ടർ ആംബുലൻസിന്റെ പ്രത്യേകതകൾ 

കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് താഴ്ന്ന പ്രദേശങ്ങളായ ചാവക്കാട്ടെ മാട്ടുമ്മൽ കറുകമാട് പ്രദേശങ്ങളിലെ അവസ്ഥ വളരെ ​ഗുരുതരമായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. കഴി‍ഞ്ഞ രണ്ട് പ്രളയങ്ങൾ നൽകിയ പാഠം ആണ് ഈ വാട്ടർ ആംബുലൻസിന്റെ നിർമ്മിക്കാൻ കാരണം. കിടപ്പുരോഗികളേയും മറ്റും വീടുകളിൽ നിന്നും പുറത്തെത്തിക്കാൻ ഈ സംവിധാനം ഇനി ഉപയോഗിക്കാം. രോഗിയെ കൂടാതെ നാലു പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ക്രമീകരണം.

വഞ്ചികളൊന്നും പോകാത്ത, കുണ്ടും കുഴിയും ഒക്കെയുള്ള, തോടുകളൊക്കെയുള്ള ഒരു ​ഗ്രാമമാണിത്. വളരെ എളുപ്പത്തിൽ ആംബുലൻസിന് വീടിന്റെ മുറ്റത്ത് എത്താവുന്ന രീതിയിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. രോ​ഗികളാണെങ്കിൽ അവരെ ആംബുലൻസിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സാധിക്കും. സ്ട്രെച്ചറും ബോയും ഉൾപ്പെടെ ഇതിലുണ്ട്. അതുപോലെ ലൈഫ് ജാക്കറ്റുണ്ട്. എല്ലാ വിധ സൗകര്യങ്ങളും ഇതിലുണ്ട്. അമീർ എന്നയാൾ പറയുന്നു. 

ഇന്ധനം തീരുന്നതോ യന്ത്രതകരാറോ പ്രശ്നമല്ല. തുഴ ഉപയോഗിച്ചും മുന്നോട്ട് പോകാം. രോഗിയെ മുല്ലപ്പുഴ വഴി കനോലി കനാലിലൂടെ ചാവക്കാട്ടെ ആശുപത്രികളിലെത്തിക്കാം. പ്രളയകാലത്ത് പൊലീസിനും അഗ്നിശമന സേനക്കും വാട്ടർ ആംബുലൻസ് സൗജന്യമായി ഉപയോഗിക്കാമെന്നതാണ് നിർമ്മാതാക്കൾ പറയുന്നത്.