തിരുവനന്തപുരം: പുറമ്പോക്ക് കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസ് നിലനിൽക്കെ പാറ്റൂരിലെ വിവാദ ഫ്ലാറ്റ് സമുച്ചയത്തിന് കുടിവെള്ള കണക്ഷൻ അനുവദിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍. വാട്ടര്‍ അതോറിറ്റി എതിര്‍ കക്ഷിയായ കേസ് കോടതിയിൽ നിലനിൽക്കെ  എംഡിയെ പോലും അറിയിക്കാതെയാണ് ഉദ്യോഗസ്ഥരുടെ നടപടി. പുറമ്പോക്ക് ഭൂമി കയ്യേറിയുള്ള നിർമ്മാണത്തിൽ കേസ് നിലനിൽക്കെ കുടിവെള്ള കണക്ഷൻ നൽകിയതിന് വാട്ടർ അതോറിറ്റി എംഡി ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിട്ടുണ്ട്.

പുറമ്പോക്ക് കയ്യേറിയാണ് പാറ്റൂരിലെ ആർട്ടെക് ഫ്ലാറ്റ് നിർമ്മാണമെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. കയ്യേറിയ 16 സെന്‍റ് തിരിച്ച് പിടിക്കണമെന്ന ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും കേസിൽ അന്തിമതീർപ്പായില്ല. ഇതിനിടെയാണ് സർക്കാറുമായി തർക്കത്തിലുള്ള ഫ്ലാറ്റിന് കുടിവെള്ള കണക്ഷൻ നൽകിയത്. 

കുടിവെള്ള കണക്ഷന് വേണ്ടി ഫ്ലാറ്റ് ഉടമ നൽകിയ അപേക്ഷ ആദ്യം വാട്ടർ അതോറ്റി ചീഫ് ലോ ഓഫീസർ കേസ് ചൂണ്ടിക്കാട്ടി നിരസിച്ചു. പിന്നാലെ ഫ്ലാറ്റ് ഉടമ ഹൈക്കോടതിയെ സമീപിച്ചു. പുതിയ അപേക്ഷ സ്വീകരിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നവംബർ 27 ന് കോടതി ഉത്തരവിട്ടു. പിന്നാലെ ദക്ഷിണ മേഖലാ വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ യോഗം വിളിച്ചു. ഡിസംബർ 24ന് വാട്ടർ അതോറിറ്റി എംഡിക്ക് വേണ്ടി ഡെപ്യൂട്ടി ലോ ഓഫീസർ കണക്ഷൻ അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. 

എന്നാൽ ഈ വിവരമൊന്നും സർക്കാറോ എംഡിയോ അറിഞ്ഞില്ല. കുടിവെള്ള കണക്ഷൻ അനുവദിക്കാനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമാണ് എംഡിക്ക് ഫയൽ കൈമാറിയത്. കുടിവെള്ള കണക്ഷൻ നൽകിയത് മൂലം ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷിയായ വാട്ടർ അതോറിറ്റിക്ക് വൻ തിരിച്ചടി ഉണ്ടാകുമെന്നാണ് എംഡിയുടെ വിലയിരുത്തൽ. ഇതിൻറെ അടിസ്ഥാനത്തിലാണ് വാട്ടർ അതോറിറ്റി എംഡി ബി അശോക് അനുമതി നൽകിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്.