Asianet News MalayalamAsianet News Malayalam

Mullaperiyar: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു

ജലനിരപ്പ് 141.90 അടിയിലേക്ക് താഴ്ന്നതോടെ  തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് സെക്കൻറിൽ 900 ഘനയടിയായി കുറച്ചിരുന്നു.

Water level in mullaperiyar raised again to 142 feet
Author
Mullaperiyar Dam, First Published Dec 1, 2021, 6:04 PM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. സ്പിൽവേയിലെ ഷട്ടറുകൾ എല്ലാം അടച്ചതും തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതേത്തുടർന്ന് സ്പിൽവേയിലെ ഒരു ഷട്ടർ വീണ്ടും തുറന്നു. സെക്കൻറിൽ 420 ഘനയടി വെള്ളം ഒഴുക്കി വിടുന്നുണ്ട്.  ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ നിർത്താനുള്ള തമിഴ് നാടിൻറെ ശ്രമമാണ് ജലനിരപ്പ് വീണ്ടും ഉയരാൻ കാരണം.  

ജലനിരപ്പ് 141.90 അടിയിലേക്ക് താഴ്ന്നതോടെ  തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് സെക്കൻറിൽ 900 ഘനയടിയായി കുറച്ചിരുന്നു. ജലനിരപ്പ് ഉയർന്നതോടെ കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് 1867 ഘനയടിയായി കൂട്ടിയിട്ടുണ്ട്.  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും നേരിയ തോതിൽ കുറഞ്ഞു തുടങ്ങി. 2400.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മഴ കുറഞ്ഞതിനാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പും 70 അടിക്കു മുകളിലെത്തി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

അതേസമയം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) ഉടൻ ഡീകമ്മീഷൻ ചെയ്യാൻ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്  ലോക്സഭയിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ കള്ളക്കളി നടത്തുകയാണ്.  അതുകൊണ്ടാണ് ബേബി അണക്കെട്ട് ബലപ്പെടുത്താൻ അനുമതി നൽകിയത്. 

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ-അന്താരാഷ്ട്ര ഏജൻസികളും ഐ.ഐ.ടിയിലെ വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടൽ വേണമെന്നും ശൂന്യവേളയിൽ ഡീൻ കൂര്യക്കോസ് ആവശ്യപ്പെട്ടു. അതിനെ എതിർത്ത്  തമിഴ് നാട്ടിൽ നിന്നുള്ള അംഗങ്ങൾ എഴുന്നേറ്റത് ലോക്സഭയിൽ അല്പനേരം ബഹളത്തിന് കാരണമായി.

Follow Us:
Download App:
  • android
  • ios