പത്തനംതിട്ടയിലെ അച്ചൻകോവിൽ, കാസർകോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, കാസർകോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഞ്ഞ അലർട്ട്

പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)

കാസർകോട്: കരിയങ്കോട് (ഭീമ നദി സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)

ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്കൻ തീരദേശ ആന്ധ്രാ പ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലും, വടക്കൻ ഒഡിഷക്ക് മുകളിലും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.