കൊച്ചിയിലെ ഒരു ഭാഗം കുടിവെള്ള ക്ഷാമത്തിൽ വലയുമ്പോഴാണ് പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത്

കൊച്ചി : കൊച്ചി തമ്മനത്ത് കുടിവെള്ള പൈപ്പ ലൈൻ പൊട്ടി. ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. വെള്ളം റോഡിലൂടെ കുത്തി ഒഴുകുകയാണ്. മ‍ർദത്തിൽ റോഡ് നെടുകേ പൊളിഞ്ഞാണ് വെള്ളം കുത്തി ഒലിക്കുന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. കൊച്ചിയിലെ ഒരു ഭാഗം കുടിവെള്ള ക്ഷാമത്തിൽ വലയുമ്പോഴാണ് ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് പള്ളിപ്പാടിയിൽ പൊട്ടിയത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്. ഒരു മണിക്കൂറിലേറെ വെള്ളം കുത്തി ഒഴുകി. രാവിലെ 10.30ഓടെയാണ് സംഭവം. കുത്തുപ്പാടി പമ്പ് ഹൗസിലേക്കുള്ള പൈപ്പ് ആണ് പൊട്ടിയത്. 

കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാനകാരണമെന്ന് നാട്ടുകാരടക്കം ആരോപിക്കുന്നു. വര്‍ഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ് ലൈനുകളാണ്. പഴകിയ പൈപ് ലൈനുകൾ കിലോമീറ്ററുകളോളം ദൂരം കൊച്ചിയിൽ ഉണ്ട്, വരും ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവ‍‌ർത്തിക്കുമോ എന്ന് ആശങ്കയുമുണ്ട്.

പൈപ്പ് പൊട്ടിയതോടെ നിലവിൽ തമ്മനം, പുല്ലേപ്പടി, പാലാരിവട്ടം ഭാ​ഗത്തേക്കുള്ള പമ്പിങ് നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഇത് ഒഴിവാക്കി ഈ പ്രദേശത്തെ മാത്രം ജലവിതരണം നിര്‍ത്തിവെക്കാൻ ഉള്ള നടപടികൾ സാധ്യമാണോ എന്ന് പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആദ്യമായാണ് കൊച്ചി നഗരത്തിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുന്നത്. തൽക്കാലത്തേക്ക് പൈപ്പ് പൊട്ടിയ തമ്മനം റോഡിലൂടെയുള്ള ​ഗതാ​ഗതം നിർത്തിവച്ചിരിക്കുകയാണ്. ഇടപ്പള്ളി ഭാഗത്ത് ജലക്ഷാമമുണ്ടാകാൻ സാധ്യത ഇല്ല. വെണ്ണല, പാലാരിവട്ടം, കാരണക്കോടം, തമ്മനം ഈ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വെള്ളമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.