വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കമാകും.പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവനാണ് കമ്മിറ്റി ഉദ്ഘാടനം ചെയ്യുക

വയനാട്: വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കമാകും.പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവനാണ് കമ്മിറ്റി ഉദ്ഘാടനം ചെയ്യുക. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ നേരിടേണ്ടി വന്ന തോൽവിയും ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായിരുന്ന ഏക സിറ്റിംഗ് സീറ്റ് നഷ്ടമായതും സംഘടന പ്രവർത്തനങ്ങളിലെ വീഴ്ചയും ഉൾപ്പെടെയുള്ള വിഷയങ്ങൾ വിപുലീകൃത ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. സംസ്ഥാന വിശാല കമ്മിറ്റി അംഗീകരിച്ച തിരുത്തൽ രേഖ അടങ്ങിയ റിപ്പോർട്ട് കമ്മറ്റിയിൽ എ വിജയരാഘവനും, ജില്ലയിലെ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ.റഫീക്കും അവതരിപ്പിക്കും.

ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും വിപുലീകരിച്ചേക്കും എന്നാണ് വിവരം. ഇന്നും നാളെയുമായാണ് വിപുലീകൃത ജില്ലാ കമ്മിറ്റി നടക്കുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്, പി രാജീവ്‌, പി സതീദേവി, പി കെ ബിജു, എം വി ജയരാജൻ, സജി ചെറിയാൻ, വി എൻ വാസവൻ, ജോൺ ബ്രിട്ടാസ്, പി ജയരാജൻ എന്നിവരും ജില്ലയിൽ നിന്നുള്ള 85 പ്രതിനിധികളും വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും.