Asianet News MalayalamAsianet News Malayalam

വയനാട് ദുരന്തത്തിൽ ഇതുവരെ മരണം 387; തെരച്ചിൽ ഇന്നും തുടരും; ജില്ലയിൽ സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും

ചാലിയാർ പുഴയിലും ഇന്നും തെരച്ചിൽ തുടരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർ‍ഡിലും 8 മണിയോടെ തിരച്ചിൽ സംഘം ഇറങ്ങും

Wayanad death toll rise to 387 schools will be opened search to continue
Author
First Published Aug 5, 2024, 5:38 AM IST | Last Updated Aug 5, 2024, 5:38 AM IST

മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാർ പുഴയിലും ഇന്നും തെരച്ചിൽ തുടരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർ‍ഡിലും 8 മണിയോടെ തിരച്ചിൽ സംഘം ഇറങ്ങും. ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ അകപ്പെട്ടവർ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ കണ്ട മൃതദേഹം എടുക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്നാണ് ഇവരുടെ തിരിച്ചു വരവ് തടസപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവർ വനത്തിൽ തന്നെ തുടരാൻ തീരുമാനിച്ചത്. 18 പേരാണ് സംഘത്തിലുള്ളത്. സുരക്ഷിതരാണെന്നും രാവിലെ തിരികെ എത്തുമെന്നും പൊലീസിനെ ഇവർ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios