ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. പാർട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് വിവാദത്തിൽ പൊലീസിൽ പരാതി നൽകി കോൺഗ്രസ്. ഫണ്ട് വിവാദത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പാർട്ടിക്ക് എതിരെ ഉയർത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്. ഒരു വിഭാഗം സൈബർ പ്രൊഫൈലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പരാതിയിൽ ആരോപിക്കുന്നു.
പാർട്ടിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് ബോധപൂർവമായ നീക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് എന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ ഭാഗമായി വ്യാജ സ്‌ക്രീൻഷോട്ടുകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സ്വാധീനിക്കാനും പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനുമുള്ള ആസൂത്രിതമായ നീക്കമാണിത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അതിൽ ഒരാൾ സുരേഷ് ചെങ്ങൽ എന്നയാളാണെന്നും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ വ്യാജരേഖകൾ ചമയ്ക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ദീപ്തി മേരി വർഗീസ് പരാതിയിലൂടെ ആവശ്യപ്പെട്ടു.


