കൽപ്പറ്റ: അന്യ സംസ്ഥാനങ്ങളിലെ തീവ്രബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്ന എല്ലാവരെയും ജില്ലയിൽ ക്വാറന്‍റീന്‍ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് വയനാട് ജില്ലാ കളക്ടർ. ഇക്കാര്യം സർക്കാരിനെ കളക്ടര്‍ അറിയിച്ചു. ഇതുവരെ വന്നവരിൽ വയനാട്ടുകാരെ ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ഇന്നലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. 

കേരളത്തിലേക്ക് നാളെ രണ്ട് വിമാനങ്ങള്‍ മാത്രം; കരിപ്പൂരിലേക്കുള്ള വിമാനത്തിന്‍റെ സമയക്രമത്തിലും മാറ്റം

ജില്ലയിൽ മുത്തങ്ങ അതിർത്തിയിലൂടെ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത് തുടരുകയാണ്. ഇന്ന് ഇതുവരെ 86 പേർ നാട്ടിലേക്ക് മുത്തങ്ങ അതിർത്തി വഴി വന്നു. ഇതോടെ ആകെ 935 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുത്തങ്ങ വഴി നാട്ടിലേക്കെത്തി. രോഗ ബാധിതരുള്ള മാനന്തവാടിയില്‍ പൊലീസ് പരിശോധന കർശനമാക്കി. കോയമ്പേട് മാർക്കറ്റിൽ പോയി തിരിച്ചെത്തിയ കൂടുതൽ ലോറി ഡ്രൈവർമാരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. രോഗികളുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തിറക്കും.