Asianet News MalayalamAsianet News Malayalam

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി, ക‍ര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം

വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. 
 

wayanad  kuppadithara tiger captured
Author
First Published Jan 14, 2023, 2:07 PM IST

കൽപ്പറ്റ : വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി, കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. വയനാട്ടിൽ ക‍‍ര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയെയാണ് കൂട്ടിലാക്കിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. 

READ MORE NEWS  വയനാട്ടിൽ വീണ്ടും കടുവയിറങ്ങി, പ്രദേശം വളഞ്ഞ് പരിശോധന; രണ്ട് തവണ മയക്കുവെടി വെച്ചു

കുപ്പാടിത്തറയിൽ വനംവകുപ്പിന്റെ ജീവൻ പണയം വെച്ചുള്ള ദൗത്യത്തിനൊടുവിലാണ് കടുവയെ കൂട്ടിലാക്കിയത്. കടുവയെ കാണാനെത്തിയ ജനങ്ങൾ പ്രദേശത്ത് തടിച്ചുകൂടിയത് ദൗത്യം ദുഷ്കരമാക്കി. അതീവ ജാഗ്രത പാലിക്കേണ്ട സമയത്ത് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷത്തിലേർപ്പെട്ടത് ആശങ്കകൾക്കിടയാക്കി. കടുവയ്ക്ക് മയക്കുവെടിയേറ്റതോടെ തടിച്ചുകൂടിയ നാട്ടുകാർ വനപാലക സംഘത്തിന് അടുത്തേക്കെത്തി. പൊലീസ് തടയാൻ ശ്രമിച്ചതോടെ ഇത് ഉന്തും തള്ളുമായി മാറി. വിവരം അറിയിച്ചിട്ടും വനപാലകർ എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. 

 

ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവയ്ക്ക് പ്രാഥമിക ചികിത്സ നൽകി. കടുവയ്ക്ക് കാര്യമായ പരിക്കുകളില്ല. പത്തു വയസ് പ്രായമുള്ള ആൺകടുവയെ ഇനി എന്തു ചെയ്യണമെന്ന കാര്യത്തിൽ  കടുവ സംരക്ഷണ അതോറിറ്റി അടുത്ത ദിവസം തീരുമാനമെടുക്കും. മാനന്തവാടി പുതുശ്ശേരിയിൽ കർഷകനെ കൊന്ന കടുവയാണിതെന്ന് വനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ മാനന്തവാടി പിലാക്കാവിൽ വന്യമൃഗത്തിൻ്റെ ആക്രമണത്തിൽ പശു ചത്തത് ആശങ്കകൾക്കിടയാക്കി. കടുവയാണ് പശുവിനെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. വനപാലകർ മേഖലയിൽ തിരച്ചിൽ നടത്തി. പ്രദേശത്ത് കൂട് സ്ഥാപിച്ചേക്കും. ഇനിയും കടുവ പ്രദേശത്തിറങ്ങിയിട്ടുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാർ. 

 

Follow Us:
Download App:
  • android
  • ios