മഹാദുരന്തത്തിൽ സഹായ വാദ്ഗാനങ്ങൾ ക്രോഡീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ച് സർക്കാർ; വിശ്വാസ്യതയും പരിശോധിക്കും
ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ഗീതയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. ദുരന്ത ഘട്ടങ്ങളില്‍ വരുന്ന ചില വാഗ്ദാനങ്ങളെങ്കിലും വ്യാജമായി മാറിയ മുന്‍കാല അനുഭവം കൂടി കണക്കിലെടുത്താണ് ഈ ക്രമീകരണം.
കോഴിക്കോട്: മഹാദുരന്തത്തില്‍ സഹായ വാദ്ഗാനങ്ങള്‍ ക്രോഡീകരിക്കാനും വാഗ്ദാനങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനുമായി സര്‍ക്കാര്‍ പ്രത്യേക ടീമിനെ നിയോഗിച്ചു. ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ഗീതയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. ദുരന്ത ഘട്ടങ്ങളില്‍ വരുന്ന ചില വാഗ്ദാനങ്ങളെങ്കിലും വ്യാജമായി മാറിയ മുന്‍കാല അനുഭവം കൂടി കണക്കിലെടുത്താണ് ഈ ക്രമീകരണം.
സമാനതകളില്ലാത്ത ദുരന്തത്തിന് വേദിയായ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും നിസഹായരായ ജനങ്ങള്‍ക്ക് പിന്തുണയുമായി മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വാഗ്ദാനങ്ങളുടെ പ്രവഹമാണ്. പണവും വീടും ഭൂമിയും മുതല്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വരെ സന്നദ്ധരായി നിരവധി പേരെത്തുന്നു. രക്ഷാപ്രവര്‍ത്തനത്തിലും തെരച്ചിലിലും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിലുമെല്ലാം വ്യാപൃതമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിനോ മേപ്പാടി പഞ്ചായത്തിനോ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുമാകുന്നില്ല. ഈ പശ്ചാത്തലത്തിലാൻ സഹായ വാഗ്ദാനങ്ങള്‍ ക്രോഡീകരിക്കാനും വാഗ്ദാനങ്ങളുടെ സാധുത പരിശോധിക്കാനുമായി സര്‍ക്കാര്‍ പ്രത്യേക ടീമിനെ നിയോഗിച്ചത്. ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണറും വയനാട് ജില്ലാ കളക്ടറുമായ എ ഗീതയുടെ നേതൃത്വത്തിലുളള ടീമിനാണ് ഇതിന്‍റെ ചുമതല.
മാധ്യമങ്ങളിലൂടെ സഹായം പ്രഖ്യാപിച്ച വ്യക്തികളെയും സംഘടനകളെയും ബന്ധപ്പെട്ട് സഹായം സംബന്ധിച്ച കാര്യത്തില്‍ സംഘം വ്യക്തത വരുത്തും. രേഖാമൂലം സഹായം ഉറപ്പ് നല്‍കുന്നവരുടെ കാര്യത്തില്‍ മാത്രമാകും തുടര്‍ നടപടികള്‍ മുന്നോട്ട് പോവുക. പുത്തുമലയിലും കവളപ്പാറയിലുമെല്ലാം ദുരന്ത ഘട്ടത്തില്‍ സഹായ വാഗ്ദാനം നല്‍കിയ ചിലര്‍ പിന്നീട് പിന്നോക്കം പോയത് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ദുരിബാധിതരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ വൈകാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. പുത്തുമലയില്‍ മുഴുവന്‍ ദുരിബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് കോഴിക്കോട് ആസ്ഥാനമായ സംഘടന പ്രഖ്യാപിക്കുകയും ജില്ലാ ഭരണകൂടം ഇത് പ്രതീക്ഷിച്ച് നടപടികള്‍ തുടങ്ങുകയും ചെയ്തുവെങ്കിലും ഈ സംഘടന ഒരു വീട് പോലും നിര്‍മിച്ച് നല്‍കിയില്ല. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ദുരിബാധിതര്‍ക്കായി സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭൂമി വാഗ്ദാനം ചെയ്തും നിരവധി പേരെത്തുന്നുണ്ട്. എന്നാല്‍ ഭൂമിയുടെ നിയമവശങ്ങളും ദുരന്ത സാധ്യത അടക്കമുള്ള ഘടകങ്ങളും പരിഗണിച്ച ശേഷം മാത്രമാകും ഭൂമി കാര്യത്തിലെ തീരുമാനം. കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറായും നിരവധി പേരെത്തുന്നുണ്ട്. ഇതുവരെ വയനാട് ദുരന്തത്തില്‍ ആറ് കുട്ടികള്‍ക്കാണ് രക്ഷിതാക്കളെ നഷ്ടപ്പെട്ടിട്ടുള്ളത്. ഇവരുടെ കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം.