എന്‍റെ വീട്ടില്‍ നടന്ന ദുരന്തം പോലെ, ഞെട്ടൽ മാറിയിട്ടില്ല, 100 രൂപയാണെങ്കിലും അത് നല്‍കണം: ലൈവത്തോണിൽ ബേസിൽ
വിശ്വസിക്കുന്നില്ല എന്ന് കരുതി ഒന്നും ചെയ്യാതിരിക്കരുതെന്നും ചെറിയൊരു തുക എങ്കില്‍ ചെറിയൊരു തുക മാറ്റിവെക്കണമെന്നും ബേസില്‍ ജോസഫ് പറഞ്ഞു.
തിരുവനന്തപുരം: എന്റെ വീട്ടിൽ സംഭവിച്ച ദുരന്തം പോലെ എല്ലാവരും വയനാടിനായി കൈകോർക്കണമെന്ന് സംവിധായകൻ ബേസില്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ പറഞ്ഞു. രാത്രി ഷൂട്ട് കഴിഞ്ഞ് രാവിലെ വന്ന് കിടന്നുറങ്ങി ഏണീറ്റപ്പോഴാണ് ഫോണിലെ കുറെ മേസേജും മിസ്കാളും കണ്ട് നോക്കുമ്പോഴാണ് വലിയ ദുരന്തം സംഭവിച്ചത് അറിയുന്നത്. സേഫ് അല്ലെ എന്ന ചോദ്യങ്ങളോട് നമ്മള്‍ സേഫ് ആണെന്ന് പറയുമ്പോഴും എന്താണ് സേഫ് എന്ന് പറയാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു. നമ്മുടെ നാടിനുണ്ടായ ദുരന്തത്തില്‍ സേഫ് ആണെന്ന് പറയുന്നത് തന്നെ വല്ലാത്ത മാനസികാവസ്ഥയാണ്.
സുല്‍ത്താൻ ബത്തേരിയില്‍ നിന്ന് 40കിലോമീറ്ററോളം ദൂരത്തിലാണ് ദുരന്തം നടന്ന മേപ്പാടി എങ്കിലും നമ്മുടെ നാട്ടില്‍ നടന്ന ദുരന്തം നമ്മുടെ വീട്ടില്‍ നടന്നതുപോലെ തന്നെയുള്ള വേദനയാണ്. അതിന്‍റെ ഞെട്ടലില്‍ നിന്ന് കരകയറാനായിട്ടില്ല. അതിഭീകരമായ ദുരന്തം തന്നെയാണ്. വയനാട്ടുകാരൻ അല്ലെങ്കില്‍ പോലും ആരെയും ഉലക്കുന്ന ദുരന്തമാണ്. വയനാടിന് വേണ്ടി ഇനി എന്താണ് നമുക്ക് ചെയ്യാനാകുക എന്നാണ് ആലോചിക്കേണ്ടത്. ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം അവരെ ജീവിതത്തിലേക്ക് കരകയറ്റാൻ പിന്തുണക്കുക എന്നതിന് ഏറെ പ്രധാന്യമുണ്ട്.
ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി വയനാടിന്‍റെ പുനരധിവാസത്തിനായി മുന്നിട്ടിറങ്ങണം. ഓരോരുത്തര്‍ക്കും കഴിയുന്ന തുക അതിനുവേണ്ടി ചിലവാക്കണം. എല്ലാം മറന്ന് നാനാഭാഗത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ സംസ്ഥാനത്തിലേക്ക് സഹായം വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആളുകള്‍ സംഭാവന ചെയ്യുന്നുണ്ട്. 100 രൂപയാണെങ്കില്‍ അത് നല്‍കുക. സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു.
കേരളത്തില്‍ മൂന്നു കോടി ജനങ്ങളുണ്ട്. അവര്‍ 100 രൂപ എങ്കിലും ഇട്ടാലും അത് മതിയാകും. വളരെ സുതാര്യമായ രീതിയില്‍ തന്നെ ഇത് ചിലവാക്കുകയുള്ളുവെന്ന് മനസിലാക്കുക. വിശ്വസിക്കുന്നില്ല എന്ന് കരുതി ഒന്നും ചെയ്യാതിരിക്കരുതെന്നും ചെറിയൊരു തുക എങ്കില്‍ ചെറിയൊരു തുക മാറ്റിവെക്കണമെന്നും ഇതുപോലെയുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുണ്ടാകണമെന്നും ബേസില്‍ ജോസഫ് പറഞ്ഞു. സാധാരണക്കാര്‍ അവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്ന വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും ദുരന്തഭൂമിയിലേക്ക് പോയി അവരെ കാണുമെന്നും ബേസില്‍ ജോസഫ് പറഞ്ഞു.
എല്ലാം മറന്ന് ഒറ്റക്കെട്ടായി നമുക്ക് നില്‍ക്കാം വയനാടിനായി: ലൈവത്തോണിൽ മഞ്ജു വാര്യര്‍