Asianet News MalayalamAsianet News Malayalam

വയനാടിന് ആശ്വാസമേകാന്‍ രാഹുല്‍; കളക്ട്രേറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും

ആദ്യം മലപ്പുറവും പിന്നീട് വയനാട് സന്ദർശിക്കും. പേമാരിയില്‍ വലയുന്ന മറ്റിടങ്ങളില്‍ രാഹുല്‍ എത്തുമോയെന്നത് വ്യക്തമല്ല

wayanad mp rahul gandhi will visit kerala rain affected areas
Author
Calicut, First Published Aug 10, 2019, 9:32 AM IST

കോഴിക്കോട്: സംസ്ഥാനത്ത് ദുരന്തമായി മാറുന്ന തോരാത്തമഴയില്‍ വലയുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ രാഹുല്‍ഗാന്ധി എത്തുന്നു. നാളെ വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി കോഴിക്കോട് എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ആദ്യം മലപ്പുറവും പിന്നീട് വയനാട് സന്ദർശിക്കും. പേമാരിയില്‍ വലയുന്ന മറ്റിടങ്ങളില്‍ രാഹുല്‍ എത്തുമോയെന്നത് വ്യക്തമല്ല. കാലവര്‍ഷക്കെടുതി ഇക്കുറി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ് വയനാട്.

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ ഇന്നലെ തന്നെ രാഹുല്‍ ഗാന്ധി എം പി ഇടപെടല്‍ നടത്തിയിരുന്നു. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച രാഹുല്‍ ഗാന്ധി അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios