കോണ്‍ഗ്രസിന്റെ അവസാന വാക്ക് സതീശനല്ലെന്ന് വിമര്‍ശിച്ച അന്‍വര്‍, യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും പറഞ്ഞു.

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും പി വി അന്‍വര്‍. കോണ്‍ഗ്രസിന്റെ അവസാന വാക്ക് സതീശനല്ലെന്ന് വിമര്‍ശിച്ച അന്‍വര്‍, യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യായം തുറന്നാലല്ലേ അടക്കേണ്ടതുള്ളൂ. കോണ്‍ഗ്രസിന് ഒരു വാതില്‍ മാത്രമല്ല ഉള്ളതെന്നും കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അന്‍വര്‍ പരിഹസിച്ചു. 

ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ട്. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നും അൻവ‍‍ര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ പ്രതികരിച്ചു. പാലക്കാട്‌ മണ്ഡലത്തില്‍ ബിജെപി ജയിക്കും. ആ അവസ്ഥയിലേക്ക് പോവുകയാണ് കാര്യങ്ങൾ. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ ഇടാനാണ് ശ്രമമെന്നും പി വി അന്‍വര്‍ പറഞ്ഞു. സി കൃഷ്ണകുമാർ സഹായിച്ചിരുന്നുവെന്ന് പാലക്കാട്ടെ മുസ്‌ലിം വിഭാഗം പറയുന്നുണ്ട്. അവർ കോൺഗ്രസിന് ഒരിക്കലും വോട്ട് ചെയ്യില്ല. ചേലക്കരയിൽ എന്‍ കെ സുധീറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സതീശന്റേത് അഹങ്കാരത്തിന്റെ തെളപ്പാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.

അതേസമയം, പി വി അൻവർ അടഞ്ഞ അധ്യായമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. അൻവറുമായി ഇനി ചർച്ചയേ ഇല്ലെന്ന് സതീശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അൻവറിന്റെ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല. യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കെപിസിസി പ്രസിഡന്റും താനും തമ്മിൽ ഭിന്നതയില്ലെന്നും സതീശന്‍ വ്യക്തമാക്കി.

Also Read: യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല, ഇനി ചർച്ചയില്ല; ഷാഫിയുടെ ജനപിന്തുണയിൽ എതിരാളികൾക്ക് ഭയം: സതീശൻ