കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ മുന്നേറ്റമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂരിൽ ബിജെപിക്ക് കോൺഗ്രസ് വോട്ട് മറിച്ചെന്നും വയനാട് പുനരധിവാസ ഫണ്ട് കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു. വികസനത്തെ അട്ടിമറിക്കാനും വർഗീയ പ്രീണനം നടത്താനുമാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ: കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസന കാര്യങ്ങളിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിന്‍റേത്. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രത്യേക ആപ്പ് വഴി സമാഹരിച്ച ഫണ്ട് എവിടെപ്പോയെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി അധ്യക്ഷന്‍റെയും അക്കൗണ്ടിലാണ് പണം ഉള്ളതെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇത് കണ്ടില്ല. ഈ പണം എവിടെപ്പോയി എന്ന് അദ്ദേഹം ചോദിച്ചു. മൂന്ന് ഏക്കർ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വി ഡി സതീശന്‍റെ വാദം പച്ചക്കള്ളമാണെന്നും അവിടെ ഇതുവരെ ഒരു അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണി പൂർത്തിയാകുമ്പോൾ കണക്ക് പറയാമെന്ന പ്രതിപക്ഷ നേതാവിന്‍റെ മറുപടി പരിഹാസ്യമാണെന്നും ഏത് നൂറ്റാണ്ടിലാണ് പണി തീരുകയെന്നും അദ്ദേഹം ചോദിച്ചു.

തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിന് പിന്നിൽ കോൺഗ്രസ് വോട്ട് മറിച്ചതാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. "തൃശൂർ പാർലമെന്‍റ് മണ്ഡലത്തിൽ കോൺഗ്രസിന് 84,000-ത്തോളം വോട്ടാണ് കുറഞ്ഞത്. സുരേഷ് ഗോപി ജയിച്ചതാകട്ടെ 73,000 വോട്ടിനും. കേരളത്തിൽ ബിജെപി ജയിക്കുന്നിടത്തെല്ലാം കോൺഗ്രസ് സഹായം ലഭിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലും മറ്റത്തൂരും ബിജെപി പിന്തുണയോടെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഗീയതയ്ക്കെതിരെ സംസാരിക്കുന്ന വി ഡി സതീശൻ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയെക്കുറിച്ച് എന്താണ് മറുപടി പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന് എസ്‍ഡിപിഐയുമായി യാതൊരു രാഷ്ട്രീയ ബന്ധവുമില്ല. നേമത്തോ മറ്റെവിടെയെങ്കിലുമോ അത്തരം ചർച്ചകൾ നടന്നിട്ടില്ല. കോൺഗ്രസ് നടത്തുന്ന വർഗീയ പ്രീണനത്തെ മറച്ചുപിടിക്കാനാണ് സിപിഎമ്മിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രസംഗങ്ങളെയും അദ്ദേഹം വിമർശിച്ചു. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി, സ്വർണ്ണ വ്യാപാരിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിച്ചതിൽ അടൂർ പ്രകാശിനും ആന്‍റോ ആന്‍റണിക്കും കെ സി വേണുഗോപാലിനും ഉള്ള പങ്കിനെക്കുറിച്ച് രാഹുൽ മിണ്ടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് എല്ലാ ദിവസവും പത്രസമ്മേളനം നടത്താത്തതെന്നും, ആവശ്യമായ സമയങ്ങളിൽ താൻ മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി കുഞ്ഞികൃഷ്ണൻ പറയുന്നത് ശുദ്ധസംബന്ധമാണ്. കുഞ്ഞികൃഷ്ണനും ഗോവിന്ദനും സുധാകരനും ഇപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികളാണ്. സുധാകരൻ കുറച്ച് ബിജെപി സ്ഥാനാർത്ഥി കൂടിയാണെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.