പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി, എൽഡിഎഫ്, ബിജെപി സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ശബരിമല സ്വർണ്ണക്കൊള്ള, റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു.
പത്തനംതിട്ട: കേരളത്തിലെ ഇടത് സർക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരുപോലെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണ്ണ കൊള്ള ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഹുലിന്‍റെ പ്രധാന വിമര്‍ശനം. വേദിയിൽ സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡി രാഹുൽ ഉയര്‍ത്തിയപ്പോൾ സഖാക്കളാണെ അയ്യപ്പാ എന്ന് സദസിൽ നിന്ന് ബാക്കി പാട്ട് ഉയര്‍ന്നു.
നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് മോദിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് കേരളത്തിൽ യുഡിഎഫിനെ തടയാൻ അദ്ദേഹം ശ്രമിക്കുന്നത്. കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ ഒരു നീക്കവും നടത്തുന്നില്ലെന്നും രാഹുൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നാണ് രാഹുൽ തുറന്നടിച്ചത്.
രാജ്യത്തിന്‍റെ സുപ്രധാന വിവരങ്ങളും ഡാറ്റയും മോദി സർക്കാർ അമേരിക്കയ്ക്ക് അടിയറവ് വെച്ചതായി രാഹുൽ ആരോപിച്ചു. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് അദാനിയാണെന്നും, അമേരിക്കയിൽ അദാനിക്കെതിരെ ഉയർന്ന കേസുകൾ യഥാർത്ഥത്തിൽ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭയം കാരണമാണ് അന്താരാഷ്ട്ര കരാറുകളിൽ മോദി അനാവശ്യ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നത്. കേരളത്തിലെ റബ്ബർ കർഷകരുടെ ദുരവസ്ഥയെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു. യുഡിഎഫ് സർക്കാർ മുൻപ് നൽകിയിരുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി കേരളത്തിൽ എത്തിയപ്പോൾ ശബരിമലയെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും മിണ്ടാൻ തയ്യാറായില്ലെന്നും രാഹുൽ പരിഹസിച്ചു. സ്ത്രീകളാണ് ഈ സംസ്ഥാനത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ഗ്യാരന്‍റികൾ വീണ്ടും പരാമർശിച്ചു.


