ദുരിതബാധിതർക്ക് ഒരു പേടിയുടെയും ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി ഒരു സമരത്തിനും ഇറങ്ങേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.  

കൽപറ്റ: സർക്കാർ ദുരന്തബാധിതർക്കൊപ്പമാണെന്നും മനപ്പൂർവ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്തം നടന്ന് 61 ദിവസം കൂട്ടായി പാർക്കാനുള്ള സ്ഥലം കണ്ടെത്തി തത്വത്തിൽ ഉത്തരവ് പുറപ്പെടുവിച്ചു. അന്നുതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു എങ്കിൽ പകുതിയോളം പൂർത്തിയാകുമായിരുന്നു.

നിർഭാഗ്യവശാൽ കോടതി ഇടപെട്ടു. കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫീൽഡിലേക്ക് ഇറങ്ങരുതെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതോടെ നടപടികളുമായി മുന്നോട്ടുപോയി. ദുരിതബാധിതർക്ക് ഒരു പേടിയുടെയും ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി ഒരു സമരത്തിനും ഇറങ്ങേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. 

അതേ സമയം, സമരത്തെ സർക്കാർ വിലക്കില്ലെന്നും ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നം ഉന്നയിച്ചാൽ ഉടൻ പരിഹാരമുണ്ടാക്കും. അതിനായി കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രം എന്ത് കൊണ്ട് ദുരന്തബാധിതരുടെ കടം എഴുതി തള്ളുന്നില്ല എന്നാണ് ചോദിക്കാനുള്ളത്. അത് ഗൗരവമായി ഉന്നയിക്കേണ്ട കാര്യമാണ്. കേന്ദ്രം ഒരു രൂപ പോലും ഇനി നൽകിയില്ലെങ്കിലും ഒരാളെയും സർക്കാർ കൈവിടില്ലെന്നും റവന്യൂ മന്ത്രി ഉറപ്പ് നൽകി. 

സമരം ചെയ്യാനുള്ള അവകാശം സ‍ര്‍ക്കാ‍ര്‍ വിലക്കില്ല; മന്ത്രി കെ രാജൻ