വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി അറിയിച്ചു.  

തിരുവനന്തപുരം: കേരളത്തെ സങ്കടക്കടലിലാക്കിയ അതിതീവ്ര ദുരന്തമാണ് മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തുണ്ടായതെന്ന് ഓര്‍മിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ധനമന്ത്രി ഓർമ്മിപ്പിച്ചത്.

വയനാട്ടിൽ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ചൂണ്ടിക്കാട്ടിയ ധനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ബജറ്റില്‍ അറിയിച്ചു. കേന്ദ്രം യാതൊരു വിധ സഹായവും തന്നിട്ടില്ലെന്നും ബാല​ഗോപാൽ കൂട്ടിച്ചേർത്തു. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. അതിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുന്നുവെന്നും ധനമന്ത്രി അറിയിച്ചു.

സിഎംഡിആര്‍എഫ്, എസ്ഡിഎംഎ, കേന്ദ്ര ഗ്രാന്‌റ്, പൊതു സ്വകാര്യ മേഖലയില്‍ നിന്നുള്ള ഫണ്ടുകള്‍, കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട്, സ്പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ കൂടി ഈ പദ്ധതിക്കായി വിനിയോഗിക്കാമെന്നും അധികം ആവശ്യമായി വരുന്ന ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 

Kerala Budget 2025 | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്