കൊച്ചി: വയനാട് സർവ്വജന സ്കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സർക്കാർ സത്യവാങ്മൂലം സമ‍ര്‍പ്പിക്കണം. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള 
 അധ്യപകർ നൽകിയ ജാമ്യ ഹർജി പരിഗണിച്ചാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കേസിൽ രണ്ട് അധ്യാപക‍‍ര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ സംബന്ധിച്ച് വ്യത്യസ്ത സത്യവാങ്മൂലം സമ‍ര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസിൽ കുറ്റക്കാരെന്ന് കണ്ട് സ‍ര്‍ക്കാര്‍ സസ്പെന്റ് ചെയ്ത അധ്യാപകരായ സിവി .ഷജിൽ, വൈസ് പ്രിൻസിപ്പാൾ  കെകെ മോഹനൻ എന്നിവ‍ നൽകിയ ജാമ്യഹ‍ര്‍ജിയിലാണ് കോടതി ഉത്തരവ്.  അധ്യാപക‍ര്‍ക്ക് ഏത് തരത്തിലുള്ള വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം ഹൈക്കോടതി ഹർജി തീർപ്പാക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നതാണ് മുഖ്യകാരണമായി അധ്യാപക‍ര്‍ ചൂണ്ടിക്കാട്ടിയത്.

മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ എങ്ങനെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകെയെന്ന് കോടതി ചോദിച്ചു. സാക്ഷികളും, സാഹചര്യ തെളിവുകളും മാത്രമേ ഇപ്പൊൾ ഉള്ളൂ എന്ന് സ‍ര്‍ക്കാര്‍ മറുപടി നൽകി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സർകാർ അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.