വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചെരിഞ്ഞു
വയനാട്: വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചെരിഞ്ഞു. ഉന്നതിയിൽ ഉള്ളവരും കാട്ടാനയും തമ്മിലുള്ള സൗഹൃദം വാർത്തകളിൽ നിറഞ്ഞിരുന്നു. കാടിന് നടുവിലാണ് ചന്ത്രോത്ത് ഗോത്ര ഉന്നതി. എല്ലാ ദിവസവും മുടങ്ങാതെ കാട്ടാന ഉന്നതിയിൽ എത്തുമായിരുന്നു. വരവ് പതിവായതോടെ ആന ഉന്നതിയിലുള്ളവരുമായി ഇണങ്ങി. അവർ കാട്ടാനയെ ലക്ഷ്മി എന്നും ജാനുവെന്നും സ്നേഹത്തോടെ വിളിച്ചു.
പതിവുപോലെ ഉന്നതിയിൽ ഉള്ളവർ കാത്തിരുന്നെങ്കിലും ഇന്ന് ലക്ഷ്മി എത്തിയില്ല. പകരം എത്തിയത് ലക്ഷമി ചെരിഞ്ഞെന്ന വാർത്തയായിരുന്നു. പുൽപ്പള്ളി പാതിരി വനത്തിൽ ഫെൻസിങ്ങിനോട് ചേർന്നാണ് ജഡം കണ്ടെത്തിയത്. പ്രായാധിക്യമാണ് മരണകാരണമെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. മനുഷ്യ വന്യജീവി സംഘർഷം സ്ഥിരം വാർത്തയാകുന്ന കാലത്ത് ലക്ഷ്മി എന്ന കാട്ടാനയും ചന്ദ്രോത്ത് നിവാസികളും തമ്മിലുള്ള സൗഹൃദം ഒരാശ്വാസ വാർത്തയായിരുന്നു. ആ കാട്ടാന സ്നേഹം ഇനി ഇല്ല.



