കോഴിക്കോട്: കല്ലാമലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് വടകര എംപി കെ മുരളീധരൻ. കല്ലാമലയിലെ പ്രശ്നം പരിഹരിച്ചിട്ടില്ല, ചർച്ചകൾ നടക്കുകയാണ്. മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കല്ലാമല ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാൻ യുഡിഎഫിന്റെ രാഷ്ട്രീയകാര്യ സമിതിയിൽ എടുത്ത തീരുമാനമാണ്. മുല്ലപ്പള്ളി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ല.  സിപിഎമ്മിനെ തോൽപ്പിക്കാൻ എല്ലാ കക്ഷികളുമായും നീക്കുപോക്കുണ്ടാക്കുമെന്ന് യുഡിഎഫ് തീരുമാനിച്ചതാണ്.

കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമാക്കി കെഎസ്എഫ്ഇയെ മാറ്റിയത് ദൗർഭാഗ്യകരമാണ്. ഈ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. കള്ളക്കടത്ത് നടത്തിയത് സംസ്ഥാന സർക്കാരാണ്. വിജിലൻസിന്റെ കൈകൾ ബന്ധിക്കപ്പെട്ടു. വിജിലൻസ് നോക്കുകുത്തിയായി. ധനകാര്യമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെ തള്ളിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ല. സംസ്ഥാന സർക്കാരിന്റെ കള്ളക്കടത്തും അഴിമതിയുമാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.