Asianet News MalayalamAsianet News Malayalam

മമത ബാനർജിക്ക് പോകേണ്ട കോളുകൾ പാലക്കാടൻ മലയാളിക്ക്! പൊല്ലാപ്പിലായി കാർത്തികേയൻ

കൊറോണ കാലത്ത് തുടങ്ങിയ പൊല്ലാപ്പാണ്. മുഖ്യമന്ത്രിയെ തേടിയാണ് കാർത്തികേയന്റെ നമ്പറിലേക്ക് വിളിയെത്തുന്നത്. നമ്പർ ഒഴിവാക്കാനും കഴിയില്ല, ഈ വിളികൾ നിർത്താനും കഴിയില്ല എന്ന സ്ഥിതിയിലാണ് ഇദ്ദേഹമിപ്പോൾ.

West Bengal CM Mamata Banerjee contact number misdialed to Kerala man kgn
Author
First Published Jul 8, 2023, 10:13 AM IST

തിനഞ്ച് വർഷങ്ങൾക്ക് മുൻപ് നല്ലൊരു ഫാൻസി നമ്പറുള്ള സിം കാർഡ് ലഭിച്ചപ്പോൾ മുൻപിൻ നോക്കാതെ അത് കൈക്കലാക്കുകയായിരുന്നു പാലക്കാട് പുതുപ്പരിയാരം സ്വദേശി കാർത്തികേയൻ. പിന്നീട് വർഷങ്ങൾ പലത് കഴിഞ്ഞപ്പോഴും ആ സിം കാർഡ് കളഞ്ഞില്ല. ബന്ധുക്കളും പരിചയക്കാരുമടക്കം പതിനഞ്ച് വർഷം കൊണ്ട് ആയിരത്തിലേറെ പേരുടെ പക്കലേക്ക് ആ നമ്പർ എത്തി. എന്നാൽ കൊറോണവൈറസ് ഭീതി പരത്തി തുടങ്ങിയ 2020 ൽ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.

ഐ ലവ് യുവർ പാർട്ടി എന്ന ആദ്യത്തെ മെസേജിലായിരുന്നു തുടക്കം. പിന്നീട് ഫോണിൽ ഇടവേളകളില്ലാതെ വിളികൾ വന്നു. വാട്സ്ആപ്പിലും എസ്എംഎസ് ആയും മെസേജുകൾ നിറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചുപോയി കാർത്തികേയൻ. എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നു. കൊവിഡ് കാലത്ത് തുടങ്ങിയ ആ വിളികൾ ഇന്നും അവസാനിച്ചിട്ടില്ല. പതിവ് പോലെ ഇപ്പോഴും വിളികൾ വരും. എന്നാൽ ഇന്ന് കാർത്തികേയൻ വിളിക്കുന്നവർക്ക് മറുപടി കൊടുക്കും, കൃത്യമായി. കാരണം എല്ലാ വിളികളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ തേടിയാണെന്ന് ഇപ്പോൾ അറിയാം. പത്തക്ക ഫോൺ നമ്പറിൽ ഒറ്റ നമ്പറിന്റെ വ്യത്യാസമാണ് മമത ബാനർജിയെ തേടിയുള്ള ഫോൺ കോളുകളെ പാലക്കാടേക്ക് എത്തിച്ചത്.

Read More: കൈതോലപ്പായിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, തലയില്‍ മുണ്ടിട്ട നേതാവ്, സ്റ്റാലിന്റെ കട്ടക്കലിപ്പ്!

കൊവിഡ് കാലത്ത് തന്റെ സംസ്ഥാനത്തെ ജനങ്ങൾക്ക് പരാതികളും ആശങ്കകളും അറിയിക്കാനുള്ള ഒരു ടോൾഫ്രീ നമ്പർ മുഖ്യമന്ത്രി മമത ബാനർജി പുറത്തിറക്കിയിരുന്നു. നിങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെടാമെന്നാണ് അന്ന് പശ്ചിമ ബംഗാൾ സർക്കാർ ജനത്തിന് നൽകിയ ഉറപ്പ്. 9137091370 എന്നതായിരുന്നു ആ നമ്പർ. അന്ന് മുതലാണ് കാർത്തികേയന്റെ ദിവസങ്ങൾ മാറിമറിഞ്ഞത്.

പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ അന്നത്തെ കൊവിഡ് കൺട്രോൺ റൂം നമ്പറിലെ ഒൻപതക്കവും കാർത്തികേയന്റെ ഫോൺ നമ്പറുമായി സാമ്യമുള്ളതായിരുന്നു. ഇടയിൽ ഒരു നമ്പർ മാത്രം വ്യത്യാസം. പശ്ചിമബംഗാൾ സ്വദേശികളായ ആളുകൾ മുഖ്യമന്ത്രിയെ പരാതി അറിയിക്കാനും തങ്ങളുടെ ആവശ്യങ്ങൾ പറയാനുമായി വിളിക്കുമ്പോൾ പലർക്കും തെറ്റുപറ്റി. കാർത്തികേയന്റെ നമ്പറിലേക്കാണ് അവരെല്ലാം വിളിച്ചത്. അതിന്നും തുടരുന്നു.

Read More: ​​​​​​​'ട്രെഡ്‍മില്ലും പട്ടിക്കുട്ടിയും പിന്നെ....'; മമതാ ബാനർജിയുടെ വർക് ഔട്ട് ഇങ്ങനെ!!

'അന്ന് ഞാൻ ശരിക്കും പേടിച്ചുപോയി. ഫോൺ ഹാക്ക് ചെയ്തതാണോ, മറ്റെന്തെങ്കിലും സംഭവിച്ചതാണോ ഒന്നുമറിയില്ല. എന്റെ ടെലികോം സേവനദാതാവായ കമ്പനിയിലേക്ക് വിളിച്ച് പരാതി പറഞ്ഞു. അവർ നോക്കിയപ്പോൾ യാതൊരു കുഴപ്പവും കണ്ടില്ല. ഫോണിൽ ആന്റിവൈറസ് ഉണ്ടായിരുന്നു. ആ കമ്പനിയിൽ വിളിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അന്വേഷിച്ചു. അവരും വിശദമായി പരിശോധിച്ച് ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. പത്ത് പതിനഞ്ച് വർഷമായി ഞാനുപയോഗിക്കുന്ന നമ്പറാണ്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരുടെയും പക്കലുള്ള നമ്പർ. എല്ലാ രേഖകളിലുമുള്ള ഫോൺ നമ്പറും ഇതാണ്. എനിക്കീ നമ്പർ ഒഴിവാക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ വരുന്നത് വരട്ടെയെന്ന മനോഭാവത്തിലേക്ക് ഞാൻ മാറി,' - കാർത്തികേയൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

വിവാഹമോ, മരണമോ എന്ന് വ്യത്യാസമില്ലാതെ എവിടെ പോയാലും ഫോൺ വിളികളെത്തുന്നത് അന്നൊക്കെ ഒരു ബുദ്ധിമുട്ടായി. ഭാഷയറിയാത്ത ഫോൺ കോളുകൾക്ക് മലയാളത്തിൽ മറുപടി കൊടുത്താണ് കാർത്തികേയൻ നേരിട്ടത്. എന്നാൽ അധികം വൈകാതെ തന്നെ തന്നെ തേടിയെത്തുന്ന ഫോൺ വിളികൾക്ക് പിന്നിലെ കാരണം മനസിലായെന്ന് അദ്ദേഹം പറഞ്ഞു.

'കൊറോണയുടെ സമയത്ത് പശ്ചിമ ബംഗാളുമായി ബന്ധപ്പെട്ട ഒരു വാർത്ത വായിച്ചപ്പോഴാണ് അതിലെ നമ്പറും എന്റെ നമ്പറും തമ്മിലുള്ള സാമ്യം മനസിലായത്. ഒരൊറ്റ നമ്പറിന്റെ വ്യത്യാസമേയുള്ളൂവെന്ന് മനസിലായതോടെ തന്നെ തേടിയെത്തിയ വിളികളെല്ലാം പല പ്രശ്നങ്ങൾ നേരിടുന്നവരുടേതാണല്ലോയെന്ന തോന്നലായി. ഇപ്പോൾ ഞാനവരോട് മലയാളത്തിൽ സംസാരിക്കാറില്ല. കൃത്യമായ നമ്പർ പറഞ്ഞുകൊടുത്ത് ഫോൺ വെക്കും' - അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കാർത്തികേയന് ഇതൊരു പൊതുസേവനമാണ്. 'ഒരിക്കൽ ഒരു പെൺകുട്ടിയുടെ കുറേയധികം ഫോട്ടോകൾ ആണ് ഫോണിൽ വന്നത്. തുറന്ന് നോക്കിയപ്പോൾ മുറിവേറ്റ് ചോര വരുന്നത് കാണാമായിരുന്നു. ആ ഫോട്ടോയ്ക്ക് ഒപ്പം ഒരു ബംഗാളി കുറിപ്പും ഉണ്ടായിരുന്നു. കാര്യമെന്താണെന്ന് അറിയാൻ അത് ഓൺലൈൻ വഴി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് വായിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയാണെന്ന് മനസിലായതോടെ മുഖ്യമന്ത്രി മമത ബാനർജിയുടെ നമ്പർ നൽകി,' - അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ മുഖ്യമന്ത്രിയെ വിളിക്കുമ്പോൾ, വഴിതെറ്റി എത്തുന്നതാണെങ്കിലും ഇങ്ങനെയെങ്കിലും സഹായിക്കാൻ കഴിയുന്നുണ്ടല്ലോയെന്ന ആശ്വാസമാണ് ഈ പാലക്കാട്ടുകാരന് ഇപ്പോൾ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios