ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപണികൾ സജീവമായി. നക്ഷത്രങ്ങൾ, പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ, കേക്കുകൾ തുടങ്ങി വൈവിധ്യമാർന്ന അലങ്കാര വസ്തുക്കൾ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്, ചൈനയിൽ നിന്നെത്തുന്ന എൽ.ഇ.ഡി. ഉത്പന്നങ്ങൾക്കും ഇത്തവണ ആവശ്യക്കാരേറെയാണ്.

തൃശൂർ: ക്രിസ്മസിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ആഘോഷങ്ങൾക്ക് നിറം പകരാൻ വിപണികൾ സജീവം. തൃശൂർ ജില്ലയിലും സമീപ ജില്ലകളിലെയും പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും ക്രിസ്മസ് അലങ്കാര സാമഗ്രികളുടെ വിൽപ്പന കുതിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലായതിനാൽ റീട്ടെയിൽ വ്യാപരം എല്ലായിടങ്ങളിലും മന്ദഗതിയിലായിരുന്നു.

ക്രിസ്മസ് നക്ഷത്രങ്ങൾ, അലങ്കാരങ്ങൾ, കേക്കുകൾ, സമ്മാനങ്ങൾ എന്നിവ വിപണി കീഴടക്കാൻ സജ്ജമായി. ഉണ്ണിയേശുവിന്റെ രൂപങ്ങൾ, വിവിധ വലുപ്പത്തിലുള്ള നക്ഷത്രങ്ങൾ, ട്രീ ഡെക്കറേഷനുകൾ, റെഡിമെയ്ഡ് പുൽക്കൂടുകൾ, സാന്താക്ലോസ് പ്രതിമകൾ, ഫൈബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിർമ്മിച്ച മഞ്ഞുതുള്ളികൾ പതിയുന്ന ക്രിസ്മസ് ട്രീകൾ, ആശംസാ കാർഡുകൾ, ചുവപ്പും വെള്ളയും നിറത്തിലുള്ള സാന്താക്ലോസ് വേഷങ്ങൾ, തൊപ്പികൾ എന്നിവയ്ക്കാണ് കൂടുതലായും ആവശ്യക്കാരുള്ളത്. ചൈനയിൽ നിന്നെത്തിക്കുന്ന നിയോൺ നക്ഷത്രങ്ങൾ, എൽ.ഇ.ഡി. മാൻ രൂപങ്ങൾ, ബെല്ലുകൾ തുടങ്ങിയ അലങ്കാര വസ്തുക്കൾക്കും എന്നിവയും വിപണിയിൽ ഉണ്ട്.

തൃശൂർ, കുന്നംകുളം, എറണാകുളം എന്നിവിടങ്ങളിലെ മൊത്തവ്യാപാരികൾ ചൈനയിൽ നിന്നു കണ്ടെയ്‌നർ മാർഗം അലങ്കാര സാമഗ്രികൾ എത്തിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യുകയാണ്. വീടുകളിൽ അലങ്കരിക്കാൻ ആവശ്യമായ ലൈറ്റുകൾ, സാന്താക്ലോസിന്റെ സമ്മാനപ്പൊതികൾ, റെഡിമെയ്ഡ് സെറ്റുകൾ എന്നിവയും വിപണിയിൽ ലഭ്യമാണ്. ബെൽ ശബ്ദവും ക്രിസ്മസ് ഗാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളും ഇത്തവണത്തെ പുതുമകളിലൊന്നാണ്.

കേക്കുകളുടെ നിർമാണ കമ്പനികളും ചെറുകിട ബേക്കറികളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറങ്ങളിലുള്ള എൽ ഇ ഡി നക്ഷത്രങ്ങൾ 150 രൂപ മുതൽ 2000 രൂപ വരെയാണ് വില. പേപ്പർ നക്ഷത്രങ്ങൾക്ക് 100 മുതൽ 500 രൂപ വരെ വിലയുണ്ട്. ത്രിമാന രൂപത്തിലുള്ള നക്ഷത്രങ്ങളാണ് കൂടുതലും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ്. പ്ലാസ്റ്റിക്, മൾട്ടിവുഡ്, മരത്തടി എന്നിവയിൽ നിർമ്മിച്ച പുൽക്കൂടുകൾ വിപണിയിൽ ലഭ്യമാണ്. പ്ലാസ്റ്റിക് പുൽക്കൂടുകൾക്ക് 680 രൂപ മുതൽ വിലയുള്ളപ്പോൾ, മരത്തിൽ നിർമ്മിച്ചവ 350 രൂപ മുതൽ ആരംഭിക്കുന്നു. കൈപ്പിടിയിലൊതുങ്ങുന്നവ മുതൽ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകൾക്കും മികച്ച ആവശ്യമാണ്; 250 മുതൽ 8000 രൂപ വരെയാണ് വില. ദേവാലയങ്ങളിൽ നടക്കുന്ന ക്രിസ്മസ് റോഡ് ഷോ ആഘോഷങ്ങൾ വിപണിക്ക് ഉണർവ്വേകും.