കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് അവധി 12 ദിവസമായിരിക്കും. ഡിസംബർ 24 മുതൽ ജനുവരി 5 വരെയാണ് അവധി. ഈ യാത്രാ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി വിവിധ കേന്ദ്രങ്ങളിലേക്ക് പ്രത്യേക അധിക സർവീസുകളും വിനോദയാത്രാ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി: ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉൾപ്പെടുമ്പോൾ ഇത്തവണ കേരളത്തിലെ സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് അവധി ആഘോഷങ്ങൾക്ക് ദൈര്‍ഘ്യം കൂടും. സര്‍ക്കാറിന്റെ അവധി പ്രഖ്യാപനം എത്തിയതോടെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ആഘോഷിക്കാൻ 12 ദിവസമാണ് അവധി ലഭിക്കുക. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും ക്രിസ്മസ് അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23-ന് അവസാനിക്കും.

അവധികളുടെ ഡിസംബര്‍

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പും കണക്കിലെടുക്കുമ്പോൾ ഡിസംബറിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകേണ്ടി വന്ന ദിവസങ്ങൾ കുറവാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന വിദ്യാലയങ്ങൾക്കും അധിക അവധി ലഭിച്ചിരുന്നു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പൊതു അവധിയാണ്.ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന ഡിസംബർ 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അവധിയായിരുന്നു.

അവധി പ്രമാണിച്ച് അധിക സര്‍വീസ്

ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളിലെ യാത്രാ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക സർവീസുകൾ നടത്തും. ഈ മാസം ഡിസംബർ 19 മുതൽ ജനുവരി 5 വരെയാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഈ പ്രത്യേക സർവീസുകൾ ലഭ്യമാകുക. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു.

19.45 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

20.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

21.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

23.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

20.45 ബംഗളൂരു - മലപ്പുറം (SF) - മൈസൂര്‍, കുട്ട വഴി

17.00 ബംഗളൂരു - സുല്ത്താ ന്ബിത്തേരി(SFP)- മൈസൂര്‍ വഴി

19.15 ബംഗളൂരു - തൃശ്ശൂര്‍ (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

18.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19.45 ബംഗളൂരു - എറണാകുളം (Multi Axle) - കോയമ്പത്തൂര്‍, പാലക്കാട് വഴി

അവധി ആഘോഷിക്കാൻ കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജുകൾ

കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ക്രിസ്തുമസ് - പുതുവത്സര അവധിക്കാലത്ത് വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. ഏകദിന യാത്രകളില്‍ ഡിസംബര്‍ 23, 27, 31 എന്നീ തീയ്യതികളില്‍ വയനാട് (ബാണാസുര സാഗര്‍, എന്‍ ഊര്, ഹണി മ്യൂസിയം ജംഗിള്‍ സഫാരി) യാത്രയും, ഡിസംബര്‍ 26, ജനുവരി രണ്ട് എന്നീ തീയ്യതികളില്‍ പാലക്കയം തട്ട്, പൈതല്‍മല, ഏഴരക്കുണ്ട് യാത്രയും സംഘടിപ്പിക്കും. ഡിസംബര്‍ 27ന് കോഴിക്കോട്, കരിയത്തുംപാറ യാത്രയും ഡിസംബര്‍ 30ന് കണ്ണൂര്‍, ജനുവരി ഒന്ന് കടലുണ്ടി, ചാലിയം യാത്രയും സംഘടിപ്പിക്കുന്നു. കൂടാതെ ഡിസംബര്‍ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ, തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 26ന് വാഗമണ്‍, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 29ന് രാവിലെ മടങ്ങിയെത്തും. 29 മുതല്‍ 31 വരെ നിലമ്പൂര്‍, കക്കാടം പൊയില്‍ യാത്രയും സംഘടിപ്പിക്കുന്നു. ഫോണ്‍ - 9446088378, 8606237632.

ക്രിസ്മസ് പാലക്കാട് ഡിപ്പോയിൽ നിന്ന് നെല്ലിയാമ്പതി, ഗവി, ആലപ്പുഴ ഉൾപ്പെടെ 22 വിനോദയാത്രകൾ

പാലക്കാട്: ക്രിസ്മസ് അവധിക്കാലം മുന്നിൽക്കണ്ട് പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോ വിനോദസഞ്ചാരികൾക്കായി പ്രത്യേക അധിക യാത്രകൾ പ്രഖ്യാപിച്ചു. മണ്ണാർക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്നായി ആകെ 22 യാത്രകളാണ് ഈ മാസം ഒരുക്കിയിട്ടുള്ളത്.ടൂറിസം യാത്രകൾക്ക് പുറമെ, പാലക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്ന് ശബരിമലയിലേക്ക് നാല് വീതം പ്രത്യേക യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. പ്രധാന വിനോദയാത്രാ വിവരങ്ങൾമലക്കപ്പാറ, ഗവി, മാമലക്കണ്ടം വഴി മൂന്നാർ, രാമക്കൽമേട്, സൈലൻ്റ്‌വാലി, കുട്ടനാട് എന്നിവിടങ്ങളിലേക്കെല്ലാം ഡിസംബർ മാസം ജില്ലയിൽ നിന്ന് ട്രിപ്പുകൾ ഉണ്ട്.

പാലക്കാട് ഡിപ്പോയിൽ നിന്നുള്ള യാത്രകളുടെ വിശദാംശങ്ങൾ

ഈ മാസം പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് നെല്ലിയാമ്പതി, സൈലൻ്റ് വാലി, മലക്കപ്പാറ, കുട്ടനാട്, നിലമ്പൂർ, കൊച്ചി, ഗവി, മാമലക്കണ്ടം വഴിയുള്ള മൂന്നാർ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിനോദയാത്രകൾ ഒരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി യാത്രകൾ ഡിസംബർ 7, 13, 14, 21, 22, 23, 24, 25, 26, 27, 28 തീയതികളിൽ രാവിലെ 7:00-ന് പുറപ്പെടും. സൈലൻ്റ് വാലിയിലേക്ക് 10, 20, 25, 27 തീയതികളിലാണ് യാത്ര, പുറപ്പെടുന്ന സമയം രാവിലെ 6:00. മലക്കപ്പാറ, നിലമ്പൂർ യാത്രകൾ 14, 21, 28 തീയതികളിലാണ് ക്രമീകരിച്ചിട്ടുള്ളത്; ഇവ രണ്ടും രാവിലെ 5:30-നാണ് ആരംഭിക്കുക. ആലപ്പുഴ കുട്ടനാട് കായൽ യാത്ര 21, 27 തീയതികളിൽ രാവിലെ 5:00-ന് പുറപ്പെടും. കൊച്ചി ആഡംബര കപ്പൽ യാത്ര 10, 12, 23, 29 തീയതികളിലും, ഗവി യാത്ര 8, 13, 20, 24, 28 തീയതികളിലും മാമലക്കണ്ടം വഴി മൂന്നാർ യാത്ര 13, 20, 24, 27 തീയതികളിലുമാണ്. ഈ യാത്രകളെല്ലാം ഒരു ദിവസത്തെ പാക്കേജാണ്, എന്നാൽ ഗവി യാത്ര ഒരു പകലും രണ്ട് രാത്രിയും, മാമലക്കണ്ടം വഴി മൂന്നാർ യാത്ര രണ്ട് പകലും രണ്ട് രാത്രിയുമുള്ള പാക്കേജുകളാണ്.

ശബരിമല പ്രത്യേക സർവീസുകൾ

പാലക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്ന് ശബരിമലയിലേക്ക് 5, 12, 19, 26 തീയതികളിൽ പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പറുകൾ: വിനോദയാത്രകൾക്ക്: 94478 37985, 83048 59018 ശബരിമല യാത്രക്ക്: 94953 90046