Asianet News MalayalamAsianet News Malayalam

അർദ്ധരാത്രി മുതൽ കെഎസ്ആർടിസി ഇല്ല, ഹോട്ടലുകളില്ല; ലോക്ക് ഡൗണ്ടിലെ മറ്റ് നിയന്ത്രണങ്ങൾ എന്തെല്ലാം?

ഇന്ന് മാത്രം 28 കേസുകളാണ് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 29 കേസുകളാണ് റെക്കോഡ് ചെയ്തത്. പക്ഷേ, ഒറ്റ ദിവസം കൊണ്ട് 28 കേസുകൾ കൂടിയതാണ് സർക്കാരിനെ പൂർണ ലോക്ക് ഡൌണിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്നത് വ്യക്തം.

what all services are the hit and available in complete lock down in kerala amidst of covid 19
Author
Thiruvananthapuram, First Published Mar 23, 2020, 7:14 PM IST

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന് ചരിത്രത്തിലില്ലാത്ത തരം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി സംസ്ഥാനസർക്കാർ. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ മാർച്ച് 31 വരെയാണ് സമ്പൂർണ ലോക്ക് ഡൌൺ. കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളും അടക്കം എല്ലാ പൊതുഗതാഗതസംവിധാനങ്ങളും നിർത്തി വയ്ക്കുന്നതടക്കം കർശനനിയന്ത്രണങ്ങളിലേക്കാണ് സർക്കാർ പോകുന്നത്. മാർച്ച് 31-ന് ശേഷം എന്ത് വേണമെന്ന കാര്യം പരിശോധനകൾക്ക് ശേഷം മാത്രം തീരുമാനിക്കും. 

ഇന്നലെ കേന്ദ്രസർക്കാർ 7 ജില്ലകളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാക്കിയിട്ടില്ലെന്ന് ഇന്നലെത്തന്നെ മുഖ്യമന്ത്രി വാർത്താക്കുറിപ്പിറക്കിയതാണ്. ആളുകൾ പരിഭ്രാന്തരാകരുതെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അന്തിമതീരുമാനമെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും പറഞ്ഞത്. ഇന്ന് രാവിലെ മുതൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ കാസർകോട്ട് മാത്രം സമ്പൂർണ ലോക്ക് ഡൌൺ ഏർപ്പെടുത്തിയാൽ മതി, മറ്റ് ജില്ലകളിൽ കടുത്ത നിയന്ത്രണം മാത്രം മതിയെന്നായിരുന്നു തീരുമാനം. എന്നാൽ ഇന്ന് വൈകിട്ട് കിട്ടിയ മെഡിക്കൽ റിപ്പോർട്ട് സർക്കാരിനെ ശരിക്ക് ആശങ്കയിലാക്കി. 

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 29 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് മാത്രം കേരളത്തിൽ സ്ഥിരീകരിച്ചത് 28 കേസുകൾ. ഇതിൽ 25 പേർ ദുബായിൽ നിന്ന് തിരികെ വന്നവർ. ഇതിൽ 15 പേരും കാസർകോട്ടുള്ളവർ. കടുത്ത ആശങ്കയുണ്ടാക്കുന്ന സാഹചര്യം. സാമൂഹ്യവ്യാപനമില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുമ്പോഴും, ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന സ്ഥിതി. 

ഈ സാഹചര്യത്തിലാണ് അടിയന്തരമായി സമ്പൂർണലോക്ക് ഡൌണിലേക്ക് പോകാനുള്ള തീരുമാനം വൈകിട്ടോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അപ്രതീക്ഷിതമായി തീരുമാനിക്കുന്നത്. ഇതിന്റെ പേരിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും, അവശ്യസാധനങ്ങൾ കിട്ടാതിരിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തിന്റെ പക്കൽ സ്റ്റോക്കുണ്ടെന്നും, സാധനങ്ങൾ വീട്ടിലേക്ക് എത്തിക്കുന്നതുൾപ്പടെ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. 

എന്തെല്ലാം നിയന്ത്രണങ്ങൾ?

# അവശ്യസാധനങ്ങൾ വിൽക്കുന്നത് തടയില്ല. മെഡിക്കൽ ഷോപ്പുകൾ ഒഴികെ ബാക്കി അവശ്യസർവീസുകളല്ലാത്ത എല്ലാ വ്യാപാരസ്ഥാപനങ്ങളും അടയ്ക്കണം.

# മെഡിക്കൽ ഷോപ്പുകൾ ഒഴികെ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തനസമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രമേ ഈ കടകൾ പ്രവർത്തിക്കാവൂ.  

# കാസർകോട് 11 മണി മുതൽ 5 മണി വരെ മാത്രമേ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കാവൂ. 

# കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ ഓടില്ല. പൊതുഗതാഗതസംവിധാനം പൂർണമായി നിർത്തി വയ്ക്കുകയാണ്.

# ആളുകൾ വലിയ തോതിൽ പുറത്തിറങ്ങരുത്. അത് കർശനമായി നടപ്പാക്കും. നോക്കാൻ പൊലീസുണ്ടാകും.

# ഓട്ടോ, ടാക്സി സർവീസുകൾ മുടക്കില്ല. പക്ഷേ, ഇവയിലൊന്നും ആളുകളെ കുത്തിക്കയറ്റി കൊണ്ടുപോകാൻ പാടില്ല. 

# കാസർകോട് നിയന്ത്രണം ലംഘിച്ച് ആളുകൾ പുറത്തിറങ്ങിയാൽ അറസ്റ്റുണ്ടാകും. 

# സാധനങ്ങൾ വാങ്ങാൻ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച്, സ്വിഗ്ഗി, സുമാറ്റോ ഹോം ഡെലിവറി ഭക്ഷണ ആപ്പുകളുടെ മാതൃകയിൽ ആപ്ലിക്കേഷനോ, പ്രാദേശികമായി വാട്സാപ്പ് ഗ്രൂപ്പുകളോ ഉണ്ടാക്കി എത്തിക്കാൻ ഉള്ള സംവിധാനത്തെക്കുറിച്ച് സജീവമായി ആലോചിക്കുന്നു.

# ഹോട്ടലുകളുണ്ടാകില്ല. ഹോട്ടലുകളിൽ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പക്ഷേ, ഹോട്ടലിൽ നിന്ന് ഫുഡ് ഡെലിവറി ഉണ്ടാകും. ഫുഡ് ഓൺലൈൻ ഡെലിവറി മുടക്കില്ല. ഹോട്ടലുകളിൽ നിന്ന് പാർസലും വാങ്ങാം. 

# കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്തും. ഇത്തരമൊരു ഉത്തരവ് പൊതുഗതാഗതമന്ത്രി ഉടൻ പുറത്തിറക്കും. 

# ആരാധനാലയങ്ങളിൽ പോകുന്നതിൽ കർശനമായ വിലക്കുണ്ട്. പക്ഷേ അവിടത്തെ ചടങ്ങുകളും ആചാരങ്ങളും മുടക്കമില്ലാതെ നടത്താം.

# കേരളത്തിന്റെ അതിർത്തികൾ പൂർണമായും അടക്കുന്നു. ഇനി ആളുകളെ ഇങ്ങോട്ടോ അങ്ങോട്ടോ പ്രവേശിപ്പിക്കില്ല. പക്ഷേ, മെഡിക്കൽ അടക്കം അത്യാവശ്യത്തിന് പോകുന്നവരെയോ, ചരക്ക് ഗതാഗതത്തെയോ തടയില്ല, അവയെല്ലാം കടത്തിവിടും.

# ബിവറേജസ് ഔട്ട് ലെറ്റുകൾ അടയ്ക്കില്ല. പെട്ടെന്ന് മദ്യ വിൽപനശാലകൾ അടച്ചാൽ അത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വ്യാജമദ്യം ഒഴുകും. ഇത് അനുവദിക്കില്ല.

Follow Us:
Download App:
  • android
  • ios