കുടുംബശ്രീ പ്രവർത്തനത്തിൽ കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. കുടുംബശ്രീക്ക് സമാനമായി കോൺഗ്രസ് തുടങ്ങിയ ജനശ്രീയുടെ നിലവിലെ അവസ്ഥ എന്ത്...! മുജീബ് ചെറിയാംപുരം എഴുതുന്നു

കുടുംബശ്രീ മാതൃകയിൽ കോൺഗ്രസ് തുടക്കമിട്ട സംഘടനയാണ് ജനശ്രീ സുസ്ഥിര വികസന പദ്ധതി. എംഎം ഹസൻ ചെയർമാനായ സംഘടനയ്ക്കെതിരെ കുടുംബശ്രീ തന്നെ പ്രത്യക്ഷ സമരത്തിനും ഇറങ്ങിയ ചരിത്രമുണ്ട്. തുടക്കം മുതൽ വിവാദത്തിലായ ജനശ്രീയ്ക്ക് പിന്നീട് ശോഭിക്കാനും ആയില്ല. ആ കഥ അറിയാം ഇനി... മുജീബ് ചെറിയാംപുരം എഴുതുന്നു

2006 ലാണ് സംസ്ഥാന കോൺഗ്രസിനു കീഴിൽ ജനശ്രീ തുടങ്ങുന്നത്. കുടുംബശ്രീ സിപിഎം കയ്യടക്കി, പകരം കോൺഗ്രസ് സംഘടന എന്നതായിരുന്നു രൂപീകരണത്തിനു പിന്നിലെ ന്യായം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവുമായിരുന്നു പ്രഖ്യാപിത ലക്ഷ്യം. മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന എം എം ഹസനായിരുന്നു ചുമതല. ജൈവ കൃഷിയും ചെറിയ സംരഭങ്ങളുമായി തുടക്കം. ഗ്രാമ തലങ്ങളിൽ വരെ കോൺഗ്രസ് ജനശ്രീ വ്യാപിപ്പിച്ചു. ജില്ലാ തലത്തിൽ ഓഫീസുകളും കമ്മിറ്റികളും രൂപീകരിച്ചു. തിരുവനന്തപുരത്ത് വൻ ജന പങ്കാളിത്തതോടെ സംസ്ഥാന സമ്മേളനം നടത്തി കരുത്തറിയിച്ചു. പക്ഷെ പിന്നീട് ഈ സംഘത്തിന് അതുപോലെ വളരാനായില്ല. 

ജനശ്രീ സംഘത്തിന് 2010 ൽ ബാങ്കിംഗ് ഇതര സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുമതി ലഭിച്ചു. ഇതിനായി ജനശ്രീ മൈക്രോ ഫിനാൻസ് എന്ന സംഘത്തിനും രൂപം നൽകി. ഇതോടെ ജനശ്രീ വിവാദ മുഖത്തെത്തി. 2012ൽ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പേരിൽ 14 കോടി രൂപ കേന്ദ്ര സർക്കാർ ജനശ്രീയ്ക്ക് അനുവദിച്ചു. കേന്ദ്ര കൃഷിമൃഗ സംരക്ഷണവകുപ്പിന്റെ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന വഴിയാണ് പണമെത്തിയത്.

ഇത് മാനദണ്ഡം ലംഘിച്ചാണെന്നും കുടുംബശ്രീയെ തകർക്കാനാണെന്നും ആരോപണം ഉയർന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ സമരവും തുടങ്ങി. കുടുംബശ്രീയെ തകര്‍ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ ശ്രമിക്കുകയാണെന്ന ആക്ഷേപമാണ് സിപിഎം നേതൃത്വം ഉയർത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു രാപ്പകൽ സമരം. പാർട്ടി ബന്ധമുള്ള കുടുംബശ്രീ പ്രവർത്തകരെയെല്ലാം സിപിഎം സമരവേദിയിലെത്തിച്ചു. പി കെ ശ്രീമതി, കെ കെ ശൈലജ ടീച്ചർ, ടി എൻ സീമ അടക്കമുള്ള വനിതാ നേതാക്കൾ സമര മുഖത്ത് സജീവമായി. പാട്ടും ഡാൻസുമായി സെക്രട്ടേറിയറ്റ് പരിസരം നിറ‍ഞ്ഞു. കുടുംബശ്രീയുടെ പേരിൽ ജനശ്രീയക്കെതിരെ സിപിഎം നടത്തിയ സമരം. അന്നത്തെ മന്ത്രിമാരായിരുന്ന കെ സി ജോസഫും എം കെ.മുനീറും മന്ത്രിമാരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഒടുവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡൽ ഏജൻസിയെ ചൊല്ലിയായിരുന്നു അടുത്ത വിവാദം. കുടുംബശ്രീയ്ക്കൊപ്പം ജനശ്രീയേയും പരിഗണക്കണമെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഇതിനായി സംസ്ഥാന കോൺഗ്രസ് നേതക്കാൾ വഴി കേന്ദ്ര മന്ത്രിമാരുമായി ചർച്ചയും സമ്മർദ്ദവും ചെലുത്തി. കേന്ദ്ര സംസ്ഥാന ഭരണങ്ങൾ കയ്യിലിരിക്കെ അനുമതി ലഭിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. അന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രിയായിരുന്ന ജയറാം രമേശിന്റെ നിലപാടാണ് തിരിച്ചടിയായത്. മന്ത്രി കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തള്ളി, കുടുംബശ്രീക്ക് പരിഗണന നൽകി.

ഇതോടെ സ്വന്തം പാർട്ടി മന്ത്രിക്കെതിരേയും ജനശ്രീ പ്രതിഷേധത്തിനിറങ്ങി. “ശ്രീ” ചേർത്ത് പല പേരുകളും സംഘടനകളും വരുമെന്നും സർക്കാർ കുടുംബശ്രീക്കൊപ്പം മാത്രമെന്ന് ജയറാം രമേശ് നിലപാട് വ്യക്തമാക്കി. ജനശ്രീയും കോൺഗ്രസും പിന്നീടും പല സമ്മർദവും പയറ്റിയെങ്കിലും ജയറാം രമേശ് നിലപാട് മാറ്റിയില്ല.

മെക്രോ ഫിനാൻസ് വായ്പകളുമായി ബന്ധപ്പെട്ടും സംഘത്തിന്റെ ഓഹരി വിഹിതവുമായി ബന്ധപ്പെട്ടും ജനശ്രീ വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഓഹരിയിൽ സിംഹഭാഗവും എം എം ഹസന്റെ പേരിലായതാണ് വിവാദമായത്. ജനശ്രീ ഹസന്റെ സ്വകാര്യ കമ്പനിയെന്നായിരുന്നു ഇടതുപക്ഷ വിമർശനം. രാഷ്ട്രീയ പ്രതിരോധവും നേരിടേണ്ടി വന്നു ജനശ്രീക്ക്. കുടുംബശ്രീയിൽ നിന്നും വിത്യസ്ഥമായി രാഷ്ട്രീയ സ്വഭാവം ഉള്ളത് എതിരാളികൾക്ക് കാര്യം എളുപ്പമാക്കി. സിപിഎമ്മും ഇടതുപക്ഷവും പ്രത്യക്ഷമായി തന്നെ എതിരിട്ടു. കുടുംബശ്രീ അടക്കം കിട്ടിയ വേദികളെല്ലാം ഇതിനായി ഉപയോഗിച്ചു.

"കുടുംബശ്രീ എന്ന ആനക്ക് പകരം പല കുഴിയാനകളെയും എഴുന്നള്ളിക്കാൻ പലരും ശ്രമിച്ചു. കുടുംബശ്രീ എന്ന മഹാപ്രസ്ഥാനത്തിന് മുന്നിൽ എല്ലാം തകർന്നതാണ് ചരിത്രം" എന്നാണ് അക്കാലത്ത് നടത്തിയ പ്രസംഗത്തിൽ കെ ടി ജലീൽ പറഞ്ഞത്. സംസ്ഥാന ഭരണവും പിറകെ കേന്ദ്ര ഭരണവും കോൺഗ്രസിന്റെ കയ്യിൽ നിന്ന് പോയതോടെ ജനശ്രീയുടെ പ്രവർത്തനവും ശോഷിച്ചു. നാമമാത്രമായ പ്രവർത്തനങ്ങളുമായി ജനശ്രീ ഇപ്പോഴും പ്രവർത്തനം തുടരുന്നുണ്ട്, രൂപീകരിച്ച് 15 വർഷം പിന്നിട്ടെങ്കിലും പ്രഖ്യാപിത ലക്ഷ്യങ്ങൾക്കടുത്തുപോലും എത്താനാകാതെ...

"