കേരളത്തിൽ കത്തിനിന്ന വിവാദം ആയിരുന്നു പതിബെൽ കരാർ. ലോകബാങ്കിന്റെ സഹായത്തോടെ എംസി റോഡ് വികസിപ്പിക്കാനുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കരാർ മലേഷ്യൻ കമ്പനിയായ പതിയും കൊച്ചി ആസ്ഥാനമായുള്ള ഭഗീരഥ എൻജിനീയറിങ് ലിമിറ്റഡും ചേർന്നുള്ള പതിബെൽ എന്ന കൺസോർഷ്യത്തിനായിരുന്നു.127 കിലോമീറ്റർ റോഡ് പണിയാൻ 215 കോടി രൂപയുടെ കരാർ ആയിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ ഏറെക്കാലം കത്തിനിന്ന വിവാദം ആയിരുന്നു പതിബെൽ കരാർ. ലോകബാങ്കിന്റെ സഹായത്തോടെ എംസി റോഡ് വികസിപ്പിക്കാനുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കരാർ മലേഷ്യൻ കമ്പനിയായ പതിയും കൊച്ചി ആസ്ഥാനമായുള്ള ഭഗീരഥ എൻജിനീയറിങ് ലിമിറ്റഡും ചേർന്നുള്ള പതിബെൽ എന്ന കൺസോർഷ്യത്തിനായിരുന്നു. 127 കിലോമീറ്റർ റോഡ് പണിയാൻ 215 കോടി രൂപയുടെ കരാർ ആയിരുന്നു. പദ്ധതി 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വൈകിയതിനാൽ പണി പൂർത്തിയായില്ല. 2006 മേയ് വരെ നീട്ടിയിട്ടും പണി തീരാത്തതിനാൽ 17 കോടി രൂപയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു.
12 കോടി രൂപ കരാർ കമ്പനി വിവിധ ഏജൻസികൾക്ക് നൽകാനുണ്ടായിരുന്നു. സർക്കാരിൽനിന്നു പണം കിട്ടാതെ വന്നതോടെ കമ്പനിയുടെ കേരള പ്രോജക്ട് മാനേജറായിരുന്ന ലീ ബിൻ സീൻ കടുത്ത സമ്മർദ്ദത്തിൽ ആയി. എല്ലാ രാഷ്ട്രീയ, ഉദ്യോഗസ്ഥ വഴികളും നോക്കിയിട്ടും പണം കിട്ടാതെ വന്നതോടെ ലീ ക്വാലലംപൂരിലേക്ക് മടങ്ങി. മലേഷ്യയിലെ സുബാങ് റിയ പാർക്കിലെ ഇരുമ്പുപാലത്തിൽ അദ്ദേഹം തൂങ്ങിമരിച്ചു. രണ്ട് ആത്മഹത്യ കുറിപ്പുകൾ പൊലീസ് കണ്ടെത്തി. ഭാര്യയ്‌ക്കും കമ്പനി മേധാവി റോസ് ലീക്കിനും ആയിരുന്നു കത്തുകൾ.
കേരളത്തിലെ ഉദ്യോഗസ്ഥ തല അഴിമതിയെക്കുറിച്ച് രണ്ട് കത്തിലും ലീ വിശദീകരിച്ചിരുന്നു എന്നായിരുന്നു അന്നത്തെ വാർത്തകൾ. 'ഇതു കേരളമാണ്. ഇവിടെ ബിൽ മാറണമെങ്കിൽ ചില രീതികൾ ഉണ്ട്' എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ലീയോട് പറഞ്ഞതായി അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ ആത്മഹത്യയിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ് കുമാറിന് പങ്കുണ്ടെന്ന് അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു. 2006ൽ വിഎസ് സർക്കാർ വരുമ്പോൾ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നു. വിഎസ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റി. ആരോപണങ്ങളിൽ പ്രാഥമിക വിജിലൻസ് അന്വേഷണം നടന്നു. എന്നാൽ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. 2016ൽ ഗ്യാനേഷ് കുമാർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി.
ഇരുപത് വർഷം മുൻപുള്ള അഴിമതി ആരോപണത്തിൽ ഇന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിർദേശം നൽകിയത്. മലയിൻകീഴ് വേണുഗോപാൽ എന്ന പ്രാദേശിക കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പുതിയ പരാതിയിൽ ആണ് അന്വേഷണം.



