'എന്താണിപ്പോ പ്രശ്നം? ബിജെപി തോറ്റതാണോ അതോ ഞാൻ ഇവിടെ വിജയിച്ചതാണോ പ്രശ്‌നം?' ഷാഫി പറമ്പിൽ
സിപിഎം നേത്തെ തന്നെ പ്രതിരോധത്തിൽ ആണ്. അതാണ് ഓരോ വിഷയം എടുത്തിടുന്നതെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: താൻ വിജയിച്ചതാണോ അതോ ബിജെപി തോറ്റതാണോ പ്രശ്നമെന്ന് ഷാഫി പറമ്പിൽ എംപി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ഇടതു വോട്ട് നേടിയാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന പി സരിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിഷയത്തിൽ വെറുതെ സമയം കളയുന്നത് എന്തിനാണ്? സിപിഎം നേത്തെ തന്നെ പ്രതിരോധത്തിൽ ആണ്. അതാണ് ഓരോ വിഷയം എടുത്തിടുന്നതെന്നും ഷാഫി പറഞ്ഞു.
"ഞാൻ ചോദിക്കുന്നത് ഇപ്പോ പ്രശ്നമെന്താ? ഞാൻ വിജയിച്ചതാണോ പ്രശ്നം? ബിജെപി ഇവിടെ തോറ്റതാണോ പ്രശ്നം? കമന്‍റുകളിൽ പ്രതികരിക്കാനില്ല. ഞങ്ങൾക്ക് ഗൌരവതരമായ കാര്യങ്ങൾ ചെയ്യാനുണ്ട്. പറയാനുണ്ട്. അതുമായി മുന്നോട്ടു പോവുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതികരിക്കാൻ ജനം കാത്തിരിക്കുകയാണ്"- ഷാഫി പറമ്പിൽ പറഞ്ഞു.
സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍റെ പരാമർശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ കിട്ടിയതു കൊണ്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്ന് സരിന്‍ പറഞ്ഞു. സരിന്‍റെ പരാമര്‍ശം ആയുധമാക്കിയ ബിജെപി നേതൃത്വം, മുന്‍ ഇടത് സ്ഥാനാര്‍ത്ഥി സി പി പ്രമോദിനെ സിപിഎം രക്ത സാക്ഷിയാക്കുകയാണ് ചെയ്തതെന്ന് ആരോപിച്ചു. പരാമര്‍ശം വിവാദമായതോടെ സരിന്‍ തിരുത്തുമായി രംഗത്തെത്തി.
ഷാഫിക്ക് സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നും സരിൻ വിശദീകരിച്ചു. ആ വോട്ടുകൾ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ പറയുന്നു. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി പി പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി.പി പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.
വോട്ടുമറിച്ചെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സരിൻ; 'ഷാഫിക്ക് വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞത്'