താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. ജ്യോതിഷികളുമായും മജീഷ്യൻമാരുമായും സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപര്യമുണ്ടെന്ന് എ കെ ബാലൻ.
കണ്ണൂർ: ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനമുയർന്നെന്ന വാർത്തയിൽ പ്രതികരണവുമായി പി ജയരാജൻ. അങ്ങനെയൊരു വിമർശനം ഉയർന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് പി ജയരാജൻ പറഞ്ഞു. അതിനപ്പുറം താൻ വ്യക്തമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജ്യോതിഷികളുടെ വീട്ടിൽ പോയാൽ എന്താണ് കുഴപ്പമെന്നാണ് എ കെ ബാലന്‍റെ ചോദ്യം. താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. ജ്യോതിഷികളുമായും മജീഷ്യൻമാരുമായും സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടെ പോകുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച് എ കെ ആന്‍റണിക്കെതിരെ താൻ നിയമസഭയിൽ സംസാരിച്ചിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു.
മൂലം നക്ഷത്രത്തിൽ ജനിച്ച ആന്‍റണി, പൂരുരുട്ടാതിയിൽ സത്യപ്രതിജ്ഞ ചെയ്തു എന്നായിരുന്നു ആ പരാമർശം. സിപിഎം അല്ല കോൺഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നതെന്ന് എ കെ ബാലൻ പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും എ കെ ബാലൻ പറഞ്ഞു.
എം വി ഗോവിന്ദൻ പയ്യന്നൂരിലെ പ്രമുഖ ജോത്സ്യനെ കണ്ടെന്ന് ആരോപണം
എം വി ഗോവിന്ദൻ നിഷേധിച്ചു എങ്കിലും സിപിഎമ്മിനകത്ത് ജ്യോത്സ്യൻ വിവാദം മുറുകുകയാണ്. പയ്യന്നൂരിലെ പ്രമുഖ ജോത്സ്യനെ എം വി ഗോവിന്ദൻ കണ്ടുവെന്നും പാർട്ടിക്കും കമ്മ്യൂണിസ്റ്റിനും നിരക്കാത്ത കാര്യമാണ് അതെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു എന്നായിരുന്നു വാർത്ത. പാർട്ടിക്ക് അകത്ത് വിവാദം ചൂട് പിടിച്ചതോടെയാണ് നേതാക്കളുടെ പരസ്യ പ്രതികരണം.
നേരത്തെ കാടാമ്പുഴ ക്ഷേത്രത്തിൽ കോടിയേരി ബാലകൃഷ്ണന് വേണ്ടി പൂമൂടൽ ചടങ്ങ് നടത്തിയത് പാർട്ടിയിൽ വലിയ വിവാദമായി മാറിയിരുന്നു. സംസ്ഥാന സെക്രട്ടറി തന്നെ ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിന്നാലെ പോകുന്നത് ശരിയല്ല എന്നായിരുന്നു വിമർശനം. ബിജെപി നേതാക്കൾ അടക്കമുള്ള പ്രമുഖർ സന്ദർശിക്കുന്ന പയ്യന്നൂരിലെ ജ്യോത്സ്യനുമായി എം വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.



