ചാത്തന്നൂരിൽ ബിജെപിക്കായി അട്ടിമറി വിജയം നേടിയ ബി ബി ഗോപകുമാർ നേടിയത് മിന്നും വിജയം. 2016 മുതൽ മണ്ഡലത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനത്തിലൂടെ സിപിഐയുടെ ഭൂരിപക്ഷം കുറയ്ക്കുകയും ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്ത ഗോപകുമാർ, ഒ രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന ആദ്യ ബിജെപി പ്രതിനിധിയായി.
ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി സി ജോര്‍ജ്... ബിജെപിയുടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളുടെ പേരുകൾ പറയുമ്പോൾ അധികമാരും ബി ബി ഗോപകുമാര്‍ എന്ന പേര് പറഞ്ഞിട്ടുണ്ടാകില്ല. നേമവും വട്ടിയൂർക്കാവും മഞ്ചേശ്വരവും പോലെ ബിജെപി വേരോട്ടമുള്ള മണ്ഡലങ്ങളിലൂടെ ലിസ്റ്റിൽ അല്‍പ്പം താഴെയാണ് ചാത്തന്നൂര്‍. പക്ഷേ ഇത്തവണ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ ചാത്തന്നൂർ കാത്തുവച്ചതൊരു ട്വിസ്റ്റ് ആണ്. ഒ രാജഗോപാലിന് ശേഷം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടുന്ന ആദ്യ ബിജെപിക്കാരൻ എന്ന നേട്ടത്തിലേക്കാണ് ബി ബി ഗോപകുമാര്‍ നാലിയിരത്തിലേറെ വോട്ടുകളുടെ മിന്നുന്ന ഭൂരിപക്ഷവും എത്തിയിരിക്കുന്നത്.
2016 തുടങ്ങിയ പരിശ്രമം
2016-ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ബി ബി ഗോപകുമാര്‍ ആദ്യമായി ചാത്തന്നൂരിൽ മത്സരിക്കാൻ എത്തുന്നത്. സിപിഐ നേതാവ് ജി എസ് ജയലാല്‍ ആയിരുന്നു ചാത്തന്നൂരില്‍ ഇടത് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖര്‍ യുഡിഎഫിനായും മത്സരിച്ചു. ഫലം വന്നപ്പോള്‍ ജയലാല്‍ 34,407 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷം നേടി മണ്ഡലം നിലനിര്‍ത്തി. 2021-ല്‍ വീണ്ടും ജി എസ് ജയലാലും ബി ബി ഗോപകുമാറും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പക്ഷേ ജയലാലിന്‍റെ ഭൂരിപക്ഷം 17,206 ആയി കുറഞ്ഞു. അതായത് ഭൂരിപക്ഷം നേര്‍പകുതിയായി.
കോണ്‍ഗ്രസിന്‍റെ എന്‍ പീതാംബര കുറുപ്പിന് ചാത്തന്നൂരില്‍ കാര്യമായ ചലനം 2021-ല്‍ സൃഷ്‌ടിക്കാനായില്ല. ജി എസ് ജയലാലിന്‍റെ വോട്ട് വിഹിതത്തില്‍ കാര്യമായ ഇടിവ് കഴിഞ്ഞവട്ടം സംഭവിച്ചപ്പോള്‍ ബിജെപി ആറ് ശതമാനത്തോളം വര്‍ധനവുണ്ടാക്കി. 2011-ല്‍ വെറും 3.36 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിയെ 2021-ല്‍ 30.61 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിൽ ബി ബി ഗോപകുമാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ട് വട്ടം രണ്ടാം സ്ഥാനത്ത് എത്തിയ ശേഷം ബി ബി ഗോപകുമാര്‍ നേടിയ വിജയം സംസ്ഥാനത്ത് ബിജെപിക്ക് വലിയ മൈലേജ് നൽകുമെന്നുറപ്പ്.
സിപിഐ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായി എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം, എ ക്ലാസ് മണ്ഡലമായി വിലയിരുത്തി ചാത്തന്നൂരിൽ ഉത്തരേന്ത്യയിൽനിന്നുള്ള എംഎൽഎമാരടക്കം ക്യാമ്പ് ചെയ്താണ് പ്രചാരണം നയിച്ചത്. സ്ഥാനാർഥികളിൽ മണ്ഡലത്തിൽ നിന്നുള്ള വ്യക്തി എന്ന ഗുണവും ഗോപകുമാറിന് അനുകൂലമായി.





