പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടിക്ക് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള എസ്ഐടിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുരാരി ബാബുവിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച പറ്റി. എസ്ഐടിക്ക് മുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വലിയ സമ്മർദമുണ്ട്. കുറ്റവാളികൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
കണ്ണൂരിലെ സിപിഎം ഫണ്ട് തിരിമറി ഗുരുതര ക്രമക്കേടാണെന്നും പൊലീസ് കേസ് എന്തുകൊണ്ടില്ലെന്നും വി ഡി സതീശൻ ചോദിച്ചു. എല്ലാം തീരുമാനിക്കുന്നത് പാർട്ടി കോടതിയാണോ? യൂത്ത് കോൺഗ്രസ് പിരിച്ച പണമെവിടെ എന്ന് ചോദിച്ച ഡിവൈഎഫ്ഐക്കാർ എവിടെയെന്നും വി ഡി സതീശൻ ചോദിച്ചു. പയ്യന്നൂരിൽ സിപിഎം നേതാവ് നടത്തിയ വെളിപ്പെടുത്തലാണ് സതീശൻ പരാമർശിച്ചത്. പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ട് പൊലീസിനെ അറിയിക്കാത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. രക്തസാക്ഷിയുടെ പണം കവർന്നെടുത്തവർക്കെതിരെ എന്തുകൊണ്ട് പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സതീശൻ ആരാഞ്ഞു.
സോണിയ ഗാന്ധിക്ക് ഒപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രത്തെ സംബന്ധിച്ചും സതീശൻ വിശദീകരണം നൽകി. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ഷെയ്ഡി ക്യാരക്റ്റർ ആണെന്ന് അന്ന് അറിയില്ലല്ലോ എന്നാണി അദ്ദേഹം പറഞ്ഞത്. ഇന്റലിജൻസ് സൗകര്യം ഉള്ള മുഖ്യമന്ത്രി ഫോട്ടോ എടുത്തില്ലേ. ഷെയ്ഡി കാരക്റ്റർ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രി ഫോട്ടോ എടുക്കില്ലല്ലോയെന്നും സതീശൻ ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുന്നൊരുക്കം ചർച്ച ചെയ്യാനുള്ള യോഗത്തിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ മുൻകൂട്ടി അറിയിച്ചിരുന്നതാണെന്നും സതീശൻ വ്യക്തമാക്കി.
