എട്ട് വര്‍ഷങ്ങള്‍ അതിജീവിത സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതിയിട്ടും ശരിക്കും ശിക്ഷ കിട്ടിയത് ആർക്കാണെന്നാണ് നടി ശിൽപ ബാലയുടെ ചോദ്യം.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ വിമര്‍ശനവുമായി നടി ശില്‍പ ബാല. ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്കാണെന്നാണ് ശിൽപയുടെ ചോദ്യം. പ്രായം, കുടുംബം, അമ്മ- ഈ പറഞ്ഞതെല്ലാം അവൾക്കുമുണ്ടെന്ന് ശിൽപ ഓർമിപ്പിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതിയിട്ടും ശരിക്കും ശിക്ഷ കിട്ടിയത് ആർക്കാണെന്നാണ് ശിൽപ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിക്കുന്നത്.

കുറിപ്പിന്‍റെ പൂർണരൂപം

"അവൾക്കും ഉണ്ട് ഈ പറഞ്ഞത് എല്ലാം. പ്രായം, കുടുംബം, അമ്മ. 8 വര്‍ഷങ്ങള്‍ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി. എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാന്‍ വേണ്ടി. എന്നിട്ട് ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക് ആണ്? സംരക്ഷണം ആണോ അതോ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഇത് നിയന്ത്രണം ആണോ?"- എന്നാണ് ശില്‍പ ബാലയുടെ പ്രതികരണം.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവാണ് വിചാരണ കോടതി വിധിച്ചത്. പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം എന്നിവ കൂടി കണക്കിലെടുത്താണ് വിധി എന്നാണ് ജഡ്​ജി ഹണി എം വര്‍ഗീസ് പറഞ്ഞത്. അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെവിട്ടു. വിധിയെ കുറിച്ച് അതിജീവിത ഇന്ന് പ്രതികരിച്ചു.

വിധിയിൽ അത്ഭുതമില്ലെന്ന് അതിജീവിത

വിധിയെ വിമർശിച്ച് അതിജീവിത രംഗത്തെത്തി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു.

സമൂഹത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും ഒൻപത് വർഷത്തോളം നേരിട്ട അനീതിയും വിവേചനവും ആണ് പോസ്റ്റിൽ അതിജീവിത പറയുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. പൾസർ സുനിയെയും അതിജീവിതയെയും ചേർത്തുണ്ടാക്കിയ കഥകൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പോസ്റ്റിന്‍റെ തുടക്കം. പിന്നാലെ വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങൾ അക്കമിട്ട് വിശദീകരിക്കുന്നു. മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചു, പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു എന്നിങ്ങനെ നീളുന്നു കോടതിയിൽ നിന്ന് നേരിട്ട നീതിനിഷേധം അതിജീവിത വിശദീകരിക്കുന്നു.

മഞ്ജു വാര്യരുടെ പ്രതികരണം

നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ രംഗത്തെത്തി. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു.

"ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്ത‌വർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമ സംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ"- മഞ്ജു വാര്യർ കുറിച്ചു.

View post on Instagram