അഡ്വ. കെ എസ് അരുൺ കുമാറിന് വേണ്ടി ഒരു വിഭാഗം നേതാക്കൾ വാദിക്കുമ്പോൾ മണ്ഡലത്തിൽ പൊതു സ്വതന്ത്രനാകും നല്ലതെന്ന അഭിപ്രായമാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്.
കൊച്ചി: പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം ആശയക്കുഴപ്പത്തിൽ. പാർട്ടി സ്ഥാനാർഥിയോ സ്വതന്ത്രനോ എന്നതിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ വ്യത്യാസമുയർന്നതായാണ് വിവരം. അഡ്വ. കെ എസ് അരുൺ കുമാറിന് വേണ്ടി ഒരു വിഭാഗം നേതാക്കൾ വാദിക്കുമ്പോൾ മണ്ഡലത്തിൽ പൊതു സ്വതന്ത്രനാകും നല്ലതെന്ന അഭിപ്രായമാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്.
പിടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാർഥിയായതോടെ മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ വോട്ടുകൾ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാനാണ് പൊതു സ്വതന്ത്രനെന്ന അഭിപ്രായമുയർന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിനായി പൊതു സ്വതന്ത്രനെ കണ്ടെത്താൻ കൊച്ചിയിൽ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. കോൺഗ്രസിലെ അതൃപ്തരടക്കം പലരുമായും സിപിഎം നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. ഏതായാലും ഇന്ന് വൈകിട്ട് തന്നെ സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണയുണ്ടാകും. ഇക്കാര്യം ഇടത് മുന്നണി യോഗത്തിൽ സിപിഎം അറിയിച്ചിട്ടുണ്ട്.
അതേ സമയം, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വാർത്താ ചോർച്ചയിൽ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തിയിലാണ്. സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന അഡ്വ എസ് അരുൺ കുമാറിന്റെ വ്യക്തിഗത വിവരങ്ങൾ കൈമാറിയതിലടക്കം നേതൃത്വത്തിന് വിമർശനമുണ്ട്. സിപിഎം ജില്ലാ നേതൃയോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അതൃപ്തി ഉയർന്നത്. പാർട്ടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. സ്ഥാനാർത്ഥിയാരെന്ന് പാർട്ടിയും മുന്നണിയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് അരുൺ കുമാറിന്റെ പോസ്റ്റർ സഹിതം പിവി ശ്രീനിജൻ എംഎൽഎ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പിന്നീട് നീക്കം ചെയ്തെങ്കിലും പാർട്ടി പരിശോധിക്കുമെന്നാണ് വിവരം.
