തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് ബിജെപി പുതിയ ആരോപണവുമായെത്തിയത്. രണ്ട് മുന്നണികളും എസ്ഡിപിഐയുമായി വിലപേശുന്നുവെന്നാണ് ആക്ഷേപം.
കൊച്ചി: തൃക്കാക്കരയിൽ എസ്ഡിപിഐ (sdpi) വോട്ടിനെ ചൊല്ലി രാഷ്ട്രീയവിവാദം. സ്ഥാനാർത്ഥിയെ നിർത്താത്ത എസ്ഡിപിഐയുമായി ഇരുമുന്നണികളും വിലപേശുകയാണെന്ന് ബിജെപി ആരോപിച്ചു. എസ്ഡിപിഐയുമായി ബന്ധമില്ലെന്ന് പറഞ്ഞ ഇടത് കൺവീനർ ഇ പി ജയരാജൻ, വോട്ട് വേണോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി. വർഗ്ഗീയവാദികളോട് വോട്ട് ചോദിക്കില്ലെന്നും ആര് വോട്ട് തന്നാലും വാങ്ങുമെന്നുമാണ് കോൺഗ്രസ് പ്രതികരണം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് ബിജെപി പുതിയ ആരോപണവുമായെത്തിയത്. രണ്ട് മുന്നണികളും എസ്ഡിപിഐയുമായി വിലപേശുന്നുവെന്നാണ് ആക്ഷേപം. പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിലെ ഗൂഡാലോചനയിൽപ്പെട്ട പോപ്പുലർഫ്രണ്ട് പ്രതികളെ രക്ഷിക്കാൻ എൽഡിഎഫും എസ്ഡിപിഐയുമായി ഡീലുണ്ടെന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് പ്രചാരണത്തിലും സജീവ ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം.
എസ്ഡിപിഐ നേതാക്കളുമായി കെ സുധാകരൻ രഹസ്യചർച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഇടത് അനുഭാവികൾ പ്രചാരണം നടത്തിയിരുന്നു. എന്നാൽ മണ്ഡലത്തിൽ നേതാക്കൾ ഇതുവരെ ഇത് കാര്യമായ പ്രചാരണ വിഷയമാക്കിയിട്ടില്ല. എസ്ഡിപിഐ നിലപാടുകളെ ശക്തമായി എതിർക്കുന്ന പാർട്ടിയാണെന്ന് പറയുമ്പോഴും വോട്ട് വേണ്ടെന്ന് പറയാൻ സിപിഎം ഒരുക്കമല്ല.
അടിക്കടിയുള്ള വർഗ്ഗീയ കൊലപാതകങ്ങൾ ആഭ്യന്തരവകുപ്പിന്‍റെ പരാജയമായി തൃക്കാക്കരയിൽ കോൺഗ്രസ് പറയുന്നുണ്ട്. വർഗീയ ശക്തികൾക്ക് മുഖ്യമന്ത്രി പ്രോത്സാഹനം നൽകുന്നുവെന്ന് ആരോപിക്കുമ്പോഴും വോട്ടെല്ലാം പോന്നോട്ടെ എന്നാണ് നിലപാട്. 2016 ൽ എസ്ഡിപിഐ മത്സരിച്ചപ്പോൾ 956 വോട്ടുകളാണ് തൃക്കാക്കരയിൽ നേടിയത്. 2021 ൽ മനസാക്ഷി വോട്ടിനായിരുന്നു പാർട്ടി ആഹ്വാനം. ഇത്തവണ 25 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി നിലപാടെടുക്കുമെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. തൃക്കാക്കരയിൽ എസ്ഡിപിഐക്ക് കാര്യമായ വോട്ട് ബാങ്കില്ല. പക്ഷെ എസ്ഡിപിഐ ബന്ധം പറഞ്ഞ് മറ്റ് വിഭാഗങ്ങളുടെ അടക്കം വോട്ടുറപ്പാക്കാനാണ് മുന്നണികളുടെ മത്സരം.
