പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ്റെ ഭാര്യ കെ എ തുളസി മന്ത്രിയായതോടെ കേരള രാഷ്ട്രീയം ഒരു അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ശ്രീകണ്ഠൻ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. മന്ത്രിയായ കെ എ തുളസി ഭാര്യയാണെന്ന് പറയാൻ എന്താണ് മടി എന്നാണ് കമന്‍റുകൾ
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍റെ എംപിക്ക് വിമര്‍ശനം. മന്ത്രിയായ കെ എ തുളസി ഭാര്യയാണെന്ന് പറയാൻ എന്താണ് മടി എന്നാണ് കമന്‍റുകൾ. വി ടി ബൽറാമിനെ വെട്ടി ആദ്യമായി എംഎൽഎയാകുന്ന തുളസിയെ മന്ത്രിയാക്കിയെന്നും നിരവധി പേര്‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്നാല്‍, കെ എ തുളസിയുടെ രാഷ്ട്രീയ ജീവിതം ഉയര്‍ത്തി ഈ കമന്‍റുകൾക്ക് നിരവധി പേര്‍ മറുപടിയും കൊടുക്കുന്നുണ്ട്.

ഒരു വീട്ടിൽ നിന്ന് എംപിയും മന്ത്രിയുമെന്ന എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവതയാണ് കെ എ തുളസി മന്ത്രിയാകുന്നതോടെ കേരളം സാക്ഷ്യം വഹിക്കുന്നത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠൻ പാർലമെന്‍റിലേക്ക് പോകുമ്പോൾ, ഭാര്യയും കോൺഗ്രസ് നേതാവുമായ കെ എ തുളസി നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോൺഗ്രസ് കൊടി പാറിച്ചത്. സിറ്റിംഗ് എം എൽ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയിൽ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകൾക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകൾ നേടിയപ്പോൾ തുളസി 62734 വോട്ടുകൾ നേടിയാണ് വിജയം കുറിച്ചത്. എൻ ഡി എ സ്ഥാനാർഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.
ചരിത്രത്തിൽ കരുണാകരനും മാണിയും മുന്നിൽ
മുൻ മുഖ്യമന്ത്രി കെ കരുണാകരനും മകൻ കെ മുരളീധരനും മുൻ ധനമന്ത്രി കെ എം മാണിയും മകൻ ജോസ് കെ മാണിയും ഒരു വീട്ടിൽ നിന്ന് ഒരേ സമയത്ത് എം എൽ എയും എം പിയുമായി ജയിച്ചിട്ടുണ്ട്. 1991 ൽ ജയിച്ച കരുണാകരൻ സംസ്ഥാന മുഖ്യമന്ത്രിയായപ്പോൾ മകൻ കോഴിക്കോട് നിന്നാണ് പാർലമെന്‍റിലെത്തിയത്. 1965 മുതൽ കെ എം മാണി നിയമസഭയിലേക്ക് പോയിരുന്നപ്പോൾ 2009 മുതൽ 2019 വരെ മകൻ കോട്ടയത്തെ എം പിയായിരുന്നു. ഒരേ സമയത്ത് ഒരു കുടുംബത്തിൽ നിന്ന് എം എൽ മാരായിരുന്ന ചിലരും കേരളത്തിലുണ്ട്. 2001 ൽ ആർ ബാലകൃഷ്ണപിള്ള കൊട്ടാരക്കര എം എൽ എ ആയും മകൻ കെ ബി ഗണേഷ് കുമാർ പത്തനാപുരം എം എൽ എ ആയും നിയമസഭയിലെത്തിയിട്ടുണ്ട്. ആദ്യ നിയമസഭയിലെത്തിയ ടി വി തോമസും ആർ ഗൗരിയമ്മയുമാണ് ഇക്കാര്യത്തിൽ കേരള ചരിത്രത്തിലെ ആദ്യ മാതൃക. അന്ന് മന്ത്രിമാരായിരുന്ന ഇവർ 1967 ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഇരുവരും അംഗമായിരുന്നു.


