തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

തിരുവനന്തപുരം: തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അയ്യപ്പസം​​ഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. അയ്യപ്പഭക്തരെ കബളിപ്പിക്കാനാണ് ശ്രമം. 

വര്‍ഗീയ വാദികള്‍ക്കും സംഘടനകള്‍ക്കും സ്പേസ് ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അയ്യപ്പ സംഗമത്തിലൂടെ വർഗീയശക്തികൾക്ക് സർക്കാർ ഇടം കൊടുക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സിപിഎം ബിജെപി കൂട്ടുകെട്ടാണ് ഇതിൽ സംശയിക്കേണ്ടത്. ബദൽ അയ്യപ്പ സംഗമത്തെ കുറിച്ചൊന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല. യുഡിഎഫ് എല്ലാകാലത്തും ഭക്തർക്കൊപ്പമാണ്. യുഡിഎഫ് സർക്കാർ സ്ഥലം ഏറ്റെടുത്തിട്ടും മാസ്റ്റർ പ്ലാൻ ഇത്രയും വൈകിയത് എന്താണെന്നും സതീശൻ ചോദിച്ചു. തെരഞ്ഞെടുപ്പ് എടുത്തപ്പോഴാണോ അയ്യപ്പ സ്നേഹം വന്നത്? സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതി ഇപ്പോഴുമുണ്ടെന്നും അവരുടെ നിലപാടും മാറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കുന്നംകുളം പൊലീസ് മർദ്ദനത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രതികരിക്കട്ടെയെന്നും ഇനി നടപടിയില്ലെന്ന് സർക്കാർ പറഞ്ഞാൽ ഞങ്ങൾ ചെയ്യാനുള്ളത് ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി. യുവാവിനെ ക്യാമറ ഇല്ലാത്ത സ്ഥലത്തും പോലീസ് ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും വിഡി സതീശൻ വിശദമാക്കി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | Onam 2025