'തെളിവുകളുടെ അപാകത പരിശോധിക്കും. കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മിനിമം 20 വർഷമെങ്കിലും പ്രതികളെ ശിക്ഷിക്കാതിരിക്കാൻ കഴിയില്ല'.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ. എട്ടാം പ്രതിയായ ദിലീപിനെതിരെയും ശക്തമായ തെളിവുകൾ ഹാജരാക്കിയെന്നാണ് വിശ്വസിക്കുന്നത്. എട്ടാം പ്രതി കുറ്റവിമുക്തമാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധി ന്യായം പരിശോധിച്ച ശേഷം മനസ്സിലാക്കും. തെളിവുകളുടെ അപാകത പരിശോധിക്കും. കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മിനിമം 20 വർഷമെങ്കിലും പ്രതികളെ ശിക്ഷിക്കാതിരിക്കാൻ കഴിയില്ല. വിധി ന്യായം പരിശോധിച്ച് മേൽ നടപടി സ്വീകരിക്കും. പ്രോസിക്യൂഷന് പിന്തുണ നൽകിയ സർക്കാരിനും മാധ്യമങ്ങൾക്കും നന്ദിയറിയിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ, വിധിന്യായം കാണാതെ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറയുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും കൂട്ടിച്ചേർത്തു.
ശിക്ഷ ഇന്ന്
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും.
പൾസർ സുനി സ്ഥിരം കുറ്റവാളി
ഒന്നാം പ്രതിയായ പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. വിചാരണയിൽ സുനിയെ കുടുക്കിയത് മെമ്മറി കാർഡാണ്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് കേസിൽ പ്രധാന തെളിവായതും. നടിയുടേത് മാത്രമല്ലാതെ മറ്റ് നിരവധി സ്ത്രീകളുടെ ദൃശ്യങ്ങളും മെമ്മറി കാർഡിൽ ഉണ്ടായിരുന്നു. പൾസർ സുനിയുമായി അടുപ്പമുളള സ്ത്രീകളുടെ നഗ്നദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ രഹസ്യഫോൾഡറുകളിലാക്കിയാണ് പ്രതി സൂക്ഷിച്ചത്. ‘ഡിയർ’ എന്ന പേരിലായിരുന്നു മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങളുളള ഫോൾഡർ ഉണ്ടായിരുന്നത്. `മൈ’ എന്ന ഫോൾഡറിലായിരുന്നു നടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കായ ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്.



