'ചുരുളി കൊമ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ഒറ്റയാനാണ് ജനവാസ മേഖലയിലെത്തിയത്, റെയിൽപ്പാളത്തിനരികെ ഒറ്റയാനെത്തിയതോടെ കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ അൽപ നേരം നിർത്തിയിട്ടു
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വീണ്ടും ഒറ്റയാനിറങ്ങി. 'ചുരുളി കൊമ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ഒറ്റയാനാണ് ജനവാസ മേഖലയിലെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ പാടുപെട്ടാണ് ഒറ്റയാനെ കാടുകയറ്റിയത്.
കഞ്ചിക്കോട്ടെ വനയോര മേഖലയിൽ ഇറങ്ങിയ 'ചുരുളി കൊമ്പൻ' പ്രദേശവാസികളെയും വനം വകുപ്പ് ജീവനക്കാരെയും ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തി. ആനയ്ക്ക് മുന്നിൽ കുടുങ്ങിയ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സമീപത്തെ റെയിൽപ്പാളത്തിനരികെ ഒറ്റയാനെത്തിയതോടെ കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ അൽപ നേരം നിർത്തിയിട്ടു. ഒറ്റയാനെ ട്രാക്കിൽ നിന്ന് ഓടിച്ച ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്. ഇതിനിടെ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. വീടുകളും മതിലുകളും ഗേറ്റും തകർത്തു.
ഏറെ നേരം പടക്കമെറിഞ്ഞും പന്തം കൊളുത്തിയും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ആനയെ ഉൾക്കാട്ടിലേക്ക് കയറ്റി വിട്ടത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായും കൂടുതൽ വാച്ചർമാരെ നിയോഗിച്ചതായും വനം വകുപ്പ് അറിയിച്ചു.
