കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധി കൃഷിയിടങ്ങളാണ് ആനകൂട്ടം നശിപ്പിച്ചത്.

തൃശൂർ: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി ചാലക്കുടി കുറ്റിച്ചിറ മേഖല. ചായ്പന്‍കുഴി, പീലാര്‍മുഴി പ്രദേശത്തെ ജനവാസ മേഖലകളിലാണ് ജനജീവിതം ദുസഹമാക്കി കാട്ടാനക്കൂട്ടമിറങ്ങുന്നത്. ഞായറാഴ്ച രാത്രിയിലും കാട്ടാനകൂട്ടം ജനവാസ മേഖലയിലെത്തി. പന്തല്ലൂക്കാരന്‍ വീട്ടില്‍ വര്‍ഗീസിന്‍റെ വാഴത്തോട്ടത്തിലിറങ്ങിയ ആനകൂട്ടം വാഴകളെല്ലാം ഒടിച്ചിട്ടു. പടക്കം പൊട്ടിച്ച് ആനകൂട്ടത്തെ താത്കാലികമായി ഓടിച്ചുവിട്ടെങ്കിലും വീണ്ടും വരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. 

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധി കൃഷിയിടങ്ങളാണ് ആനകൂട്ടം നശിപ്പിച്ചത്. ലിജു യേശുദാസ്, ഷണ്‍മുഖന്‍ ഏരിമ്മല്‍, ജോര്‍ജ്ജ് പടിഞ്ഞാക്കര, ജോസ് നെടുങ്ങാട്ട് എന്നിവരുടെ വീട്ടുപറമ്പുകളിലായാണ് ഇതിനകം ആനകൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. കോട്ടാമലയില്‍ നിന്നാണ് ഇവിടേക്ക് ആനകള്‍ വരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം