പ്രതിപക്ഷം ഉന്നയിച്ച വാദങ്ങൾ ഗവർണ്ണർ തള്ളിയിരിക്കുകയാണ്. രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചാൽ കിട്ടില്ലെന്നു ഉറപ്പുള്ളത് കൊണ്ടാണ് ഗവർണ്ണർ ഒപ്പിട്ടത്. 

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിക്കെതിക്കെതിരെ നിയമവഴി തേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ അഴിമതിക്ക് കളമൊരുക്കിയ ആളെന്ന നിലയിലാവും മുഖ്യമന്ത്രി പിണറായി വിജയൻ ഇനി അറിയപ്പെടുകയെന്നും സർക്കാരും ഗവർണറും ലോകായുക്ത ഓർഡിനൻസിൽ ഒത്തുതീർപ്പിലെത്തുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും സതീശൻ പറഞ്ഞു. 

സതീശൻ്റെ വാക്കുകൾ - 
ഗവർണ്ണറുടെ പേഴ്സണൽ സ്റ്റാഫിലേക്ക് ബിജെപി നേതാവിനെ നിയമിക്കാനുള്ള നീക്കം കൊടുക്കൽ വാങ്ങലിൻ്റെ തെളിവാണ്. ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താൻ കോടതിക്ക് മാത്രമാണ് അധികാരം. പ്രതിപക്ഷം ഉന്നയിച്ച വാദങ്ങൾ ഗവർണ്ണർ തള്ളിയിരിക്കുകയാണ്. രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചാൽ കിട്ടില്ലെന്നു ഉറപ്പുള്ളത് കൊണ്ടാണ് ഗവർണ്ണർ ഒപ്പിട്ടത്. സർക്കാരിന് എന്താണ് ധൃതി എന്ന് സിപിഐ പോലും ചോദിക്കുന്നു. ഇവിടെ നടന്നത് ഒരു ഒത്തു തീർപ്പാണ്. മുഖ്യമന്ത്രി വരാൻ ഗവർണ്ണർ കാത്തിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുതീർപ്പിന് ഇടനിലക്കാറുണ്ട്. കണ്ണൂർ വിസി നിയമനം നിയമ വിരുദ്ധം എന്ന് പറഞ്ഞ ഗവർണ്ണർ പിന്നെ എന്താണ് ചെയ്തത്. ലോകായുക്ത നിയമഭേദഗതിയോടെ കേരളത്തിൽ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായിരിക്കുകയാണ്. ലോകായുക്ത കുരയ്ക്കും പക്ഷേ ഇനി കടിക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പാക്കിയിട്ടുണ്ട്.