കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ എന്ന മലയാളി യുവതി സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തി.
കോഴിക്കോട് : കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാദാപുരത്തെ വീട്ടിലെത്തി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ മാതാപിതാക്കളെ തിരികെ കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി അറിയിച്ചു.
വഴിതെറ്റിയെന്ന് മനസ്സിലായ നിമിഷം തന്നെ തിരിച്ചു കയറാൻ ശ്രമിക്കാത്തത് വലിയ അബദ്ധമായെന്ന് ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കാട്ടിലെ അരുവിയിൽ നിന്നുള്ള വെള്ളം കുടിച്ചാണ് ദാഹം തീർത്തത്. വന്യമൃഗങ്ങളുടെ സാന്നിധ്യം ഭയപ്പെടുത്തിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പിടിച്ചുനിൽക്കുകയായിരുന്നു. ഈ അനുഭവം ട്രക്കിങ്ങിനോടുള്ള താൽപ്പര്യം കുറച്ചിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കി. വേനൽച്ചൂട് അവസാനിച്ചതിന് ശേഷം വീണ്ടും പുതിയ യാത്രകൾ പോകാനാണ് പ്ലാൻ.
മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മല, അകപ്പെട്ടത് 4 ദിവസം
കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മലയാണ് തടിയൻ്റമോൾ. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ശരണ്യ തടിയന്റെമോൾ മലയിൽ ട്രക്കിങ്ങിനായി എത്തിയത്. ഓൺലൈനായി ടിക്കറ്റെടുത്തായിരുന്നു യാത്ര. യാവകപ്പാടിയിലെ ഹോം സ്റ്റേയിലായിരുന്നു കഴിഞ്ഞ രാത്രി തങ്ങിയത്. രാവിലെ കർണാടക വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെത്തി. 8:15ന് ശരണ്യയടക്കം പേരെ മുകളിലേക്ക് കടത്തിവിട്ടു.
കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മലയാണ് തടിയൻ്റമോൾ. 1748 മീറ്റർ ഉയരമുള്ള കൊടുമുടി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് ഇവിടെ ട്രെക്കിങ്ങിന് അനുവാദമുള്ളത്. സാധാരണഗതിയിൽ മുകളിൽ കയറി തിരിച്ചിറങ്ങാൻ അഞ്ച് മണിക്കൂറെടുക്കും. ഒറ്റയ്ക്ക് ആരെയും മുകളിലേക്ക് വിടാറില്ല. സംഘമായി മാത്രമേ കയറാൻ അനുവദിക്കൂ. കൂടെ പോയവർ മൂന്ന് പേരുടെ സംഘങ്ങളായി മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്തിയില്ലെന്നത് വനംവകുപ്പുകാർ ശ്രദ്ധിച്ചു. കൂടെ പോയവരോട് ചോദിച്ചപ്പോൾ മുകളിൽ നായയോടൊപ്പം കളിച്ചു നിൽക്കുന്നുവെന്നായിരുന്നു മറുപടി. കാണാതായി നാല് ദിവസത്തിന് ശേഷമാണ് ശരണ്യയെ കണ്ടെത്താനായത്.


