തിരുവനന്തപുരം/ കോട്ടയം: കെഎം മാണിയുടെ മരണത്തോടെ ഒഴിവു വന്ന പാലാ മണ്ഡലത്തിൽ മരുമകൾ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമോ? സാധ്യത തള്ളിക്കളയാനാകില്ലെന്ന സൂചനയാണ് കേരളാ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഉയരുന്നത്. പാലായിലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഏറെ നാളായി സജീവ സാന്നിദ്ധ്യമാണ് നിഷ ജോസ് കെ മാണി. കെഎം മാണി മന്ത്രിയായിരുന്നപ്പോഴും പാലായിലെ വികസന കാര്യങ്ങളിലടക്കം നിര്‍ണ്ണായക സാന്നിദ്ധ്യമായി നിഷ ജോസ് കെ മാണി ഉണ്ടായിരുന്നു താനും. 

കെഎം മാണിയുടെ വിയോഗ ശേഷം ഉപതെര‍ഞ്ഞെടുപ്പ് ചര്‍ച്ച വന്നപ്പോഴൊക്കെ  നിഷ ജോസ് കെ മാണിയുടെ പേരാണ് ഉയര്‍ന്ന് വന്നിരുന്നത്. തെര‍ഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് നിഷ ജോസ് കെ മാണി പ്രതികരിച്ചിരുന്നു എങ്കിലും പാര്‍ട്ടി തീരുമാനം എടുത്താൽ മത്സര രംഗത്ത് ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോസ് കെ മാണി പാലായിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ച് മത്സരരംഗത്തേക്കിറങ്ങാൻ തൽക്കാലം സാധ്യതയില്ലെന്നതും നിഷയ്ക്ക് അനുകൂല ഘടകമാണ് . ഏത് തെര‍ഞ്ഞെടുപ്പ് വരുമ്പോഴും പേര് ഉയര്‍ന്ന് വരുന്നത് പതിവാണെന്നായിരുന്നു നിഷ ജോസ് കെ മാണിയുടെ പ്രതികരണം. 

അതേ സമയം സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ചയോ തീരുമാനമോ കേരളാ കോണഗ്രസിനകത്ത് നടന്നിട്ടില്ലെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത് . ഉപതെര‍ഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണ്. ഒന്നരമാസമായി തെര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.  ബൂത്ത് തലത്തിൽ മുതൽ മുന്നണി യോഗങ്ങൾ നടന്നു കഴിഞ്ഞു. തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ വലിയ ആത്മവിശ്വാസമാണ് കേരളാ കോൺഗ്രസിന് ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. 

ജോസഫ് വിഭാഗം ഇടഞ്ഞു നിൽക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ എല്ലാവരേയും രമ്യമായി കൊണ്ടുപോകാൻ കഴിയുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പാര്‍ട്ടി ചര്‍ച്ച ചെയ്ത് യുഡിഎഫിന്‍റെ കൂടി അംഗീകാരത്തോടെ സ്ഥാനാര്‍ത്ഥി വരും. അത് ആരാകുമെന്ന ആദ്യ ആലോചന പോലും ഈ ഘട്ടത്തിൽ നടന്നിട്ടില്ലെന്നും ജോസ് കെ മാണി പറയുന്നുയ.