മുല്ലപ്പള്ളിയാണ് ഈ ആവശ്യം സജീവമായി മുന്നോട്ടുവയ്ക്കുന്നത്. ഉമ്മൻ ചാണ്ടി തലസ്ഥാനത്തു ഇറങ്ങിയാൽ തെക്കൻ കേരളത്തിൽ വൻ നേട്ടം ഉണ്ടാകുമെന്നു ഒരു വിഭാഗം പറയുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ കണ്ണ് വയ്ക്കുന്നത് കുമ്മനമാണെന്നതാണ് ശ്രദ്ധേയം.

തിരുവനന്തപുരം: ഇത്തവണ നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കാനിറങ്ങുമോ? ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ പോരാട്ടം പൊടി പാറുമോ? കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് എവിടെ നിന്ന് മത്സരിച്ചാലും ഉമ്മൻചാണ്ടി ജയിക്കുമെന്ന് പറഞ്ഞ്, ഉമ്മൻചാണ്ടി നേമത്ത് നിന്ന് മത്സരിക്കണമെന്ന സൂചന നൽകുന്നത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ കണ്ണ് വയ്ക്കുന്നത് കുമ്മനമാണെന്നതാണ് ശ്രദ്ധേയം. 

ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് ഇറങ്ങിയാൽ തെക്കൻ കേരളത്തിൽ വൻ നേട്ടം ഉണ്ടാകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത്. പകരം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ഇറങ്ങട്ടെയെന്നാണ് അവരുടെ അഭിപ്രായം. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മക്കൾ രാഷ്ട്രീയം തെറ്റല്ലെന്നും ചാണ്ടി ഉമ്മൻ ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എന്നാൽ എ ഗ്രൂപ്പിന് ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുന്നതിനോട് യാതൊരു യോജിപ്പുമില്ല. 50 വർഷം നിലനിർത്തിയ മണ്ഡലം ഇപ്പോൾ കൈവിട്ട് മറ്റൊരു മണ്ഡലത്തിലേക്ക് പോകുന്നത് ശരിയല്ലെന്നാണ് എ ഗ്രൂപ്പിന്‍റെ അഭിപ്രായം. 

Read more at: മത്സരിക്കുമോ? മക്കൾ രാഷ്ട്രീയത്തിൽ തെറ്റുണ്ടോ? ചാണ്ടി ഉമ്മൻ മനസ്സുതുറക്കുന്നു

ഉമ്മൻചാണ്ടിക്കും പുതുപ്പള്ളിയെ കൈവിടുന്നതിൽ യോജിപ്പുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. എന്തായിരിക്കും ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ പ്രതികരണം എന്ന് കാത്തിരിക്കുകയാണ് എല്ലാവരും. നേമം പോലൊരു മണ്ഡലം തിരികെപ്പിടിക്കാൻ ശക്തമായ സമ്മർദ്ദം ഇതോടെ ഉമ്മൻചാണ്ടിക്ക് മേൽ ഏറുകയാണ്. തെക്കൻ കേരളത്തിലേക്ക് ഉമ്മൻചാണ്ടിയെപ്പോലെ കരുത്തനായ ഒരു നേതാവിനെ കൊണ്ടുവന്നിറക്കിയാൽ ആ തന്ത്രം, എത്രത്തോളം വിജയിക്കുമെന്നതും, എത്ര വോട്ട് പെട്ടിയിൽ വീഴുമെന്നതും, എത്ര ഭൂരിപക്ഷം കിട്ടുമെന്നതും എല്ലാം കേരളരാഷ്ട്രീയത്തിൽത്തന്നെ നിർണായകമാകുമെന്നുമുറപ്പ്