മുല്ലക്കരയും, കെ രാജുവും ഉള്‍പ്പെടെ കൊല്ലത്തെ മുതിര്‍ന്ന നേതാക്കളാരും ഇക്കുറി മല്‍സരിക്കാത്ത സാഹചര്യത്തിലാണ് പന്ന്യനെ കൊല്ലത്തിറക്കുന്നതിനെ കുറിച്ചുളള ആലോചന സിപിഐ തുടങ്ങിയത്. 

കൊല്ലം: പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ കൊല്ലം ജില്ലയില്‍ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ ഇറക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സിപിഐ. രണ്ടു തവണ തുടര്‍ച്ചയായി ജയിച്ച ജി എസ് ജയലാലിനു പകരക്കാരനായി പന്ന്യനെ കൊണ്ടുവരണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം ഉന്നയിച്ചെങ്കിലും സംസ്ഥാന നേതൃത്വം മനസ് തുറന്നിട്ടില്ല.

തിരുവനന്തപുരത്ത് നിന്ന് എംപി ആയ ശേഷം പന്ന്യന്‍ രവീന്ദ്രന് പാര്‍ലമെന്‍ററി രംഗത്തേക്ക് അവസരങ്ങളൊന്നും കിട്ടിയിട്ടില്ല. വടക്കന്‍ പറവൂരില്‍ 2011ല്‍ മല്‍സരിച്ചെങ്കിലും ജയിക്കാനും കഴിഞ്ഞില്ല. മുല്ലക്കരയും, കെ രാജുവും ഉള്‍പ്പടെ കൊല്ലത്തെ മുതിര്‍ന്ന നേതാക്കളാരും ഇക്കുറി മല്‍സരിക്കാത്ത സാഹചര്യത്തിലാണ് പന്ന്യനെ കൊല്ലത്തിറക്കുന്നതിനെ കുറിച്ചുളള ആലോചന സിപിഐ തുടങ്ങിയത്. 

ചാത്തന്നൂരില്‍ പന്ന്യനെ ഇറക്കണമെന്ന ജില്ലാ കമ്മിറ്റി യോഗത്തിലെ നിര്‍ദ്ദേശത്തോട് പന്ന്യനും സംസ്ഥാന നേതൃത്വവും മനസ് തുറന്നിട്ടില്ല. തുടര്‍ച്ചയായി രണ്ടു തവണ ചാത്തന്നൂരില്‍ നിന്ന് ജയിച്ച ജി എസ് ജയലാലിന് ഇക്കുറി അവസരം നല്‍കില്ലെന്ന സൂചനയാണ് സിപിഐ ജില്ലാ നേതൃത്വം നല്‍കുന്നത്. ജയലാലിന് ഒരവസരം കൂടി നല്‍കണമെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നിട്ടുണ്ടെങ്കിലും സഹകരണ ആശുപത്രി വിവാദം ഉള്‍പ്പെടെ പാര്‍ട്ടിയുമായി ഉണ്ടായ പ്രശ്നങ്ങളാണ് തടസമായി മറുപക്ഷം ഉയര്‍ത്തുന്നത്.

പാര്‍ട്ടിയുടെ വനിതാ നേതാക്കളില്‍ പ്രമുഖയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ചിഞ്ചു റാണിയെ ചാത്തന്നൂരില്‍ മല്‍സരിപ്പിക്കുന്ന കാര്യവും സിപിഐയുടെ സജീവ പരിഗണനയിലുണ്ട്.