കോട്ടയം നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകുമോ? അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ്, ബിജെപിയുടെ പിന്തുണ തേടി
ഇതിനിടെ, പെന്‍ഷൻ തട്ടിപ്പ് കേസിന്‍റെ അന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
കോട്ടയം: പെന്‍ഷൻ തട്ടിപ്പ് കേസ് വിവാദത്തിനിടെ കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എല്‍ഡിഎഫ്. അവിശ്വാസ പ്രമേയത്തിന് ബിജെപി അംഗങ്ങളുടെ പിന്തുണയും എല്‍ഡിഎഫ് തേടി.പെൻഷൻ തട്ടിപ്പിനെതിരെ ഇന്നലെ സമരം ചെയ്ത ബിജെപിക്ക് അവരുടെ ആത്മാർത്ഥത തെളിയിക്കാനുള്ള അവസരമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാര്‍ പറഞ്ഞു.
സ്വതന്ത്ര അംഗത്തെ ചെയര്‍പേഴ്സണ്‍ ആക്കിയാണ് നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ യുഡിഎഫ്-21, എല്‍ഡിഎഫ്-22, ബിജെപി-8, സ്വതന്ത്ര-1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. അവിശ്വാസ പ്രമേയം പാസായാൽ എൽഡിഎഫിന് സ്വാഭാവികമായും ഭരിക്കാനുള്ള അവസരം ഉണ്ടാകും എന്നും കെ അനിൽകുമാർ പറഞ്ഞു.
അതേസമയം, കോട്ടയം നഗരസഭയിലെ പെന്‍ഷൻ തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസിന്‍റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി. പൊലീസ് അന്വേഷണം തുടങ്ങി ആറ് ദിവസമായിട്ടും പ്രതി അഖിൽ സി വർഗീസ് ഇപ്പോഴും ഒളിവിൽ കഴിയുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കോട്ടയം വെസ്റ്റ് പൊലീസാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. മൂന്നു കോടി രൂപയുടെ തട്ടിപ്പ് ആയതിനാൽ കൂടിയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
കോട്ടയം നഗരസഭയിലെ പെന്‍ഷൻ തട്ടിപ്പ്; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
കാഫിര്‍ സ്ക്രീൻഷോട്ട് വിവാദം; പൊലീസ് റിപ്പോര്‍ട്ടിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ