കോട്ടയം: രാഷ്ട്രീയ നിലപാടിൻ്റെ പേരിലാണ് പാർട്ടി വിടുന്നതെന്ന് കേരള കോൺ​ഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരി. മുൻപ് യുഡിഎഫ് വിട്ട കെ.എം.മാണി യുഡിഎഫിലേക്ക് തന്നെയാണ് മടങ്ങിയതെന്നും യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പോകാനുള്ള ജോസ് കെ മാണിയുടെ തീരുമാനം തീർത്തും ആത്മഹത്യാപരമാണെന്നും ജോസഫ് എം പുതുശ്ശേരി പറ‍ഞ്ഞു. 

ഓരോ ദിവസവും ജനങ്ങളിൽനിന്ന് ഒറ്റപ്പെടുന്ന മുന്നണിയാണ് എൽഡിഎഫ്. അത്യാസന്ന നിലയിലായ സർക്കാരിനൊപ്പം നിൽക്കാൻ ജനാധിപത്യ പ്രസ്ഥാനത്തിന് ആകുമോയെന്നും ജോസഫ് എം പുതുശ്ശേരി ചോദിച്ചു. ഇടതുമുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചനകൾ ജോസ് പക്ഷത്ത് നടന്നു. കെ.എം മാണിയെ ക്രൂരമായി വേട്ടയാടിയ മുന്നണിയാണ് എൽഡിഎഫ്. ഈ സാഹചര്യത്തിൽ പി.ജെ ജോസഫ് വിഭാഗത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കും.